Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഇന്നലെ നടത്തിയ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ളഭക്ഷ്യ ഉല്പാദകർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന ലൈസൻസിന് പകരം ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകുന്നു എന്നതടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.

ഉദ്യോഗസ്ഥർ ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ സുരക്ഷിതമല്ലാത്തതോ നിലവാരം കുറഞ്ഞതോ തെറ്റായ ബ്രാൻഡ് എന്ന പരിശോധനാ ഫലം വരുന്ന ഭക്ഷ്യ ഉൽപാദകരിൽ നിന്ന് പിഴ ഈടാക്കാതെയും വിപണിയിൽ നിന്നും അവ പിൻവലിക്കാനും, അവരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്നും രക്ഷപ്പെടുത്താനും ചില ഉദ്യോഗസ്ഥർ ഫയലുകൾ വച്ച് താമസിപ്പിക്കുന്നു. അതുവഴി അപ്രകാരമുള്ള ഭക്ഷ്യ വസ്തുക്കൾ വിപണിയിൽ വിറ്റുപോകുന്നതിന് അവസരം നൽകുന്നു.

ലൈസൻസ് എടുത്ത ഭക്ഷ്യ ഉൽപാദകർ അതാത് വർഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിട്ടേൺസ് ഫയൽ ചെയ്യണമെന്നും അല്ലാത്തപക്ഷം ദിനംപ്രതി 100 രൂപ വീതം പിഴ ഈടാക്കണമെന്ന നിയമം ചില ഉദ്യോഗസ്ഥർ നടപ്പാക്കാന്നുന്നില്ല. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനത്തിന് സർക്കാർ നിയോഗിച്ചിട്ടുള്ള അംഗീകൃത ഏജൻസികളിൽ പലതും സുതാര്യമല്ലാതെ തെരഞ്ഞെടുത്തവയാണെന്നും കണ്ടെത്തി.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചില ഓഫീസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകൾ ഉൾപ്പടെ ആകെ 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി ഇന്നലെ രാവിലെ 11:00 മണി മുതൽ“ഓപ്പറേഷൻ ആപിറ്റൈറ്റ്“എന്ന പേരിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.
ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് ഭക്ഷ്യ ഉല്പാദകരിൽ നിന്നും പിഴ ഈടാക്കാതെയും അവരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി ഫയലുകളിൽ കാല താമസം വരുത്തിയത്, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ എന്നീ ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസുകളിലും, നെടുമങ്ങാട്, കുറവലിങ്ങാട്, മഞ്ചേരി, കൽപ്പറ്റ, മാനന്തവാടി, ഇരിക്കൂർ, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂർ, ഉദുമ എന്നീ ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും ആണെന്ന് പരിശോധനയിൽ കണ്ടെത്തി.

ലൈസൻസ് നൽകുന്നതിന് പകരം ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതുവഴി ഫീസിനത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടം വരുന്നതായും വിജിലൻസ് കണ്ടെത്തി. ഇത്തരം ക്രമക്കേടുകൾ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൃശ്ശൂർ, ആലത്തൂർ, ഒല്ലൂർ, മഞ്ചേരി, കൽപ്പറ്റ, പയ്യന്നൂർ, മട്ടന്നൂർ എന്നീഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിൽ വിജിലൻസ് കണ്ടെത്തി. കൂടാതെ അങ്കമാലി, പട്ടാമ്പി, സുൽത്താൻബത്തേരിഎന്നീ ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിൽ രജിസ്ട്രേഷൻ/ ലൈസൻസ് സംബന്ധിച്ച റിക്കോർഡുകൾ ശരിയായ വിധത്തിൽ സൂക്ഷിക്കുന്നില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്.

ചെറുകിട ഭക്ഷ്യ ഉത്പാദകർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയവരുടെ ജീവനക്കാർക്ക് സർക്കാർ സൌജന്യമായി നൽകുന്ന പരിശീലനം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസുള്ള വൻകിട ഭക്ഷ്യ ഉൽപ്പാദകരുടെ തൊഴിലാളികൾക്ക് ചാത്തന്നൂർ, കോന്നി, പാല, ചങ്ങനാശ്ശേരി, അങ്കമാലി, നോർത്ത് പറവൂർ, പനമ്പള്ളി നഗർ, തൃശൂർ, ഗുരുവായൂർ, ഒല്ലൂർ, തിരൂർ, വള്ളിക്കുന്ന്, മഞ്ചേരി, ഏലത്തൂർ എന്നവിടങ്ങളിൽ നൽകുന്നതായി കണ്ടെത്തി. കൂടാതെ അങ്കമാലി, മാനന്തവാടി സർക്കിളുകളിൽ പ്രസ്തുത ഓഫീസിന്റെ അധികാര പരിധിയ്ക്ക് പുറത്ത് ലൈസൻസ് നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സൌജന്യ പരിശീലനം നൽകിയതായും വിജിലൻസ് കണ്ടെത്തി.

ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് അവിടത്തെ ഹോട്ടൽ/ റിസോർട്ട് ഉടമകളിൽ നിന്നും ഗൂഗിൾ-പേ വഴി പണം സ്വീകരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. ചില ജില്ലകളിൽ പരിശോധന ഫലം 14 ദിവസത്തിനകം ലഭിക്കാതെ വരുന്നതിനാൽ സുരക്ഷിതമല്ലാത്തതായ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കുന്നതിന് റീകോൾ ലെറ്റർ അയക്കുന്നതിന് ഇടയ്ക്കുള്ള കാലയളവിൽ അവ വിറ്റു പോകുന്നതായും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കാസർകോട്, കോഴിക്കോട് എന്നീ ഭക്ഷ്യ സുരക്ഷാ അസി: കമ്മിഷണർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് അതാത് വർഷത്തെ റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നും ദിനം പ്രതി 100/- രൂപ ഫൈൻ ഈടാക്കണമെന്ന നിയമം പാലിക്കപ്പെടുന്നില്ലായെന്നും, തിരുവനന്തപുരം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ മാത്രം 17,18,600/- രൂപ പിഴ ഇത്തരത്തിൽ ഈടാക്കാനുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

കൊട്ടാരക്കരയിൽ 2040 സ്ഥാപനങ്ങളിലും, കുന്നത്തൂർ 42 സ്ഥാപനങ്ങളിലും, അങ്കമാലി 721 സ്ഥാപനങ്ങളിലും, നോർത്ത് പരവൂർ 1048 സ്ഥാപനങ്ങളിലും, ഒല്ലൂർ-1320 സ്ഥാപനങ്ങളിലും, മലപ്പുറം 1456 സ്ഥാപനങ്ങളിലും, തിരൂർ 3168 സ്ഥാപനങ്ങളിലും, ഏലത്തൂർ 2365 സ്ഥാപനങ്ങളിലും, ബേപ്പൂർ 697 സ്ഥാപനങ്ങളിലും, വടകര 2072 സ്ഥാപനങ്ങളിലും, കൽപ്പറ്റ 2838 സ്ഥാപനങ്ങളിലും, സുൽത്താൻബത്തേരി 2412 സ്ഥാപനങ്ങളിലും, മട്ടന്നൂർ 1572 സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് മൂന്നുമാസത്തിനകം ഫോസ്റ്റാക്ക് പരിശീലനം നൽകണമെന്ന ചട്ടം പാലിച്ചില്ല. വടകര സർക്കിൾ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2021 മുതൽ 2024 വരെ രജിസ്റ്റർ ചെയ്ത 2032 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക്ക് പരിശീലനം നൽകിയിട്ടില്ല എന്നും കണ്ടെത്തി.

പീരുമേട്, ഒറ്റപ്പാലം, മണ്ണാർക്കാട്, മാനന്തവാടി, തലശ്ശേരി എന്നീ ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ ഫോസ്റ്റാക്ക് പരിശീലനം സംബന്ധിച്ച് ഫയലുകൾ ശരിയായി പരിപാലിച്ച് കാണുന്നില്ല. എറണാകുളം ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമ്മീഷൻ ഓഫീസിലും, പീരുമേട്, പനമ്പള്ളി നഗർ, ഇരവിപുരം, ആറന്മുള, കൊല്ലം, പട്ടാമ്പി, തൃശ്ശൂർ, പാലാ, നീലേശ്വരം എന്നിവിടങ്ങളിൽ പരാതി പരിഹാരം ശരിയായ രീതിയിൽ നടക്കുന്നില്ല. റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസിൽ പരിശോധനയ്ക്ക് എത്തിയ സമയം ഓഫീസ് അടഞ്ഞുകിടക്കുന്നതായി കാണപ്പെട്ടു. മലപ്പുറം, കോട്ടക്കൽ, തിരൂർ, മഞ്ചേരി, സുൽത്താൻബത്തേരി, നീലേശ്വരം, കാസർഗോഡ് എന്നിവിടങ്ങളിൽ ലൈസൻസ് ഇല്ലാതെയും കാലാവധി കഴിഞ്ഞ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തി.

എറണാകുളം അസിസ്റ്റൻറ് ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ ഓഫീസിൽ കേടായ റഫ്രിജറേറ്ററിലാണ് ഭക്ഷ്യ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്നതെന്നും കണ്ടെത്തി. പരാതി പുസ്തകം യഥാവിധി സൂക്ഷിച്ചിരിക്കുന്നില്ല. പത്തനംതിട്ട ജില്ലയിൽ ഹൈജീനിക് റേറ്റിംഗിനായി ഏജൻസിയെ തിരഞ്ഞെടുത്ത ഫയൽ കാണാനില്ല. പാലക്കാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് മുഖേന 2021-2024 കാലഘട്ടത്തിൽ ശേഖരിച്ച 516 സാമ്പിളുകളുടെ ലാബ് റിപ്പോർട്ട് ഫലം നാളിതുവരെ ലഭ്യമായിട്ടില്ല. പാലക്കാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസുകളിലും കൊട്ടാരക്കര, കാഞ്ഞിരപ്പള്ളി, തൃശ്ശൂർ എന്നീ ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും അതത് കാലഘട്ടത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മിഷണർമാർ ഉത്തരവ് പ്രകാരമുള്ള എണ്ണം ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.

2021 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ഫയലുകളാണ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനക്ക് വിധേയമാക്കിയത്. മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർഐപിഎസ്-അറിയിച്ചു. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ ഐ പി എസിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറലിന്റെ ചുമതല വഹിക്കുന്ന റെജി ജേക്കബ് ഐ പിഎസ് മിന്നൽ പരിശോധനക്ക് മേൽനോട്ടം വഹിച്ചു. വിജിലൻസ് ഇന്റലിജൻസ് പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് സി പരിശോധനക്ക് നേതൃത്വംനൽകി.

 

Leave a Reply

Your email address will not be published. Required fields are marked *