Your Image Description Your Image Description

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി റെയില്‍വെ. പാലക്കാട് റെയില്‍വെ ഡിവിഷൻ അടച്ചുപൂട്ടുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടുന്നതോ, വിഭജിക്കുന്നതോ സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്ന് പാലക്കാട് ഡിവിഷനല്‍ റെയില്‍വെ മാനേജർ അരുൺ കുമാർ ചതുർവേദി പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിവിഷൻ അടച്ചുപൂട്ടുന്നുവെന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധരണ ഉണ്ടാകിയിട്ടുണ്ടെന്നും ഡിവിഷൻ മാനേജർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുന്നു എന്ന വിവരം കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളില്‍ ഒന്നാണ്. പാലക്കാട് ഡിവിഷന്‍ മുമ്പ് വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്. നിലവില്‍ പോത്തന്നൂര്‍ മുതല്‍ മംഗളുരു വരെ 588 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാലക്കാട് ഡിവിഷന്‍ .

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാൻ നീക്കമെന്ന പ്രചാരണത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ റെയില്‍വേ നീക്കം പ്രതിഷേധാര്‍ഹമാണെന്നാണ് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന കടുത്ത അവഗണനയുടെ അടുത്ത രൂപമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകില്‍. തീരുമാനം കര്‍ണാടകത്തിലെ ലോബികള്‍ക്ക് വേണ്ടിയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഡിവിഷന്‍ ഇല്ലാതാക്കുന്നതോടെ കേരളത്തില്‍ ഒരു ഡിവിഷന്‍ മാത്രമായി ചുരുങ്ങും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം ശക്തമായതോടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി റെയില്‍വെ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *