Your Image Description Your Image Description

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് നീര്‍നായകളുടെ കടിയേറ്റത്.

ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നീര്‍നായകള്‍ കൂട്ടമായി എത്തി കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.

മുന്‍പും ഇരുവഴിഞ്ഞിപ്പുഴയില്‍ നിരവധി തവണ നീര്‍നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നീര്‍നായയുടെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയിലെ നീര്‍നായക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. സാധാരണ നീര്‍നായക്കള്‍ ആക്രമണം നടത്താറില്ല. ചൂടു കൂടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതുമാണ് ഇവരെ അക്രമകാരികളാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *