Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു ദിവസത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത് രണ്ടു പേര്‍. പേരൂര്‍ക്കട, വെള്ളറട സ്റ്റേഷനുകളില്‍ നിന്നാണ് കൊലക്കേസ് പ്രതികള്‍ ചാടിപ്പോയത്. ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും, മറ്റൊരാള്‍ ആശുപത്രിയില്‍ നിന്നുമാണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നത്. ഗുണ്ടാ കേസില്‍ അറസ്റ്റ് ചെയ്ത കാരക്കോണം സ്വദേശി ബിനോയി ബുധനാഴ്ച രാത്രി പൊലിസ് കസ്റ്റഡിയിലായിരിക്കെ ആശുപത്രിയില്‍ നിന്നാണ് ചാടിപ്പോയത്. കൊലക്കേസ് പ്രതി നെയ്യാറ്റിന്‍കര ആലന്പാറ സ്വദേശി മിഥുന്‍ തിങ്കളാഴ്ച പാറശ്ശാല സ്റ്റേഷനില്‍ നിന്നുമാണ് ഓടി രക്ഷപ്പെട്ടത്.

കാരക്കോണത്ത് യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലാണ് ബിനോയി എന്ന അച്ചൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിടെ കൈയ്ക്ക് പൊട്ടലേറ്റ ബിനോയി ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ വെള്ളറട പോലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നാല് പൊലീസുകാരുടെ കാവലിലായിരുന്നു ബിനോയ് വാര്‍ഡില്‍ കഴിഞ്ഞത്. ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പിടികിട്ടാപ്പുള്ളിയായ നെയ്യാറ്റിന്‍കര സ്വദേശി മിഥുനെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ചന്ദനകിട്ടി സ്വദേശിയെ കൊല്ലാൻ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലെ ലോക്കപ്പിന്‍റെ പുറത്തിരുത്തിയതായിരുന്നു. ഇതിനിടെ രാത്രി 8.30 ഓടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് മിഥുൻ ഓടി രക്ഷെപ്പെട്ടത്. രണ്ടു ദിവസം പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തി. പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നറിഞ്ഞതോടെ ആശുപത്രിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകനാണ് വിഷം കഴിക്കാന്‍ പറഞ്ഞതെന്നാണ് പ്രതി മിഥുന്‍ മൊഴി നല്‍കിയതെന്ന് പൊലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *