Your Image Description Your Image Description
Your Image Alt Text

 

 

ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കരുതല്‍ 2.0 ഡിജിറ്റല്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചു

 

കൊച്ചി, മെയ് 09- 2024: ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് രോഗമുക്തി നേടിയവരും നിലവില്‍ ചികിത്സയില്‍ കഴിയുന്നതുമായ തലസീമിയ രോഗികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. കരുതല്‍ 2.0 എന്ന പേരില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച് തലാസീമിയ ബാധിതര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ കാര്‍ഡുകള്‍ പുറത്തിറക്കി.

ഗുരുതരമായ ജനിതക രോഗങ്ങളിലൊന്നായ തലാസീമിയ ബാധിതരില്‍ രക്തത്തിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും വളരെ കുറവായിരിക്കും. തലാസീമിയ രോഗികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ കരുതല്‍ – 2023 പദ്ധതിക്ക് വന്‍ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് കരുതല്‍ 2.0 ഡിജിറ്റല്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചത്. തലാസീമിയ രോഗികള്‍ക്ക് അവരുടെ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിനുള്ള സഹായങ്ങളും ചികിത്സാ ഇളവുകളും നല്‍കുക എന്നതാണ് ലക്ഷ്യം. കാര്‍ഡ് ഉടമകള്‍ക്ക് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകളില്‍ 50 ശതമാനം, ഒ.പി സേവനങ്ങള്‍ക്ക് 20 ശതമാനം, ഒ.പി പ്രൊസീജിയറുകള്‍ക്ക് 10 ശതമാനം എന്നിങ്ങനെയുള്ള ഇളവുകള്‍ ലഭിക്കും. ഇതിന് പുറമേ ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളില്‍ 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ ഡിജിറ്റല്‍ കാര്‍ഡുകള്‍ പുറത്തിറക്കി.പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാജിക് ഷോ രോഗികള്‍ക്ക് മാനസിക ഉല്ലാസം പകരുന്നതായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും നല്‍കി.

ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഹെമറ്റോളജി ആന്‍ഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപക് ചാള്‍സ്, പീഡിയാട്രിക് ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ശ്വേത സീതാറാം, ഹെമറ്റോളജി ആന്‍ഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എന്‍.വി രാമസ്വാമി, ഹെമറ്റോളജി ആന്‍ഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മോബിന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *