Your Image Description Your Image Description
Your Image Alt Text

 

 

അടുത്തിടെ ലിസ്ബണിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ഈസിജെറ്റ് വിമാനം അപ്രതീക്ഷിതമായി ഒരു മണിക്കൂർ വൈകി. എന്നാൽ, ഇതിന്റെ കാരണമാണ് അതിലുണ്ടായിരുന്ന യാത്രക്കാരെ അമ്പരപ്പിച്ചത്. ആ കാരണം വിശദീകരിച്ചതാവട്ടെ വിമാനത്തിന്റെ പൈലറ്റ് തന്നെ ആയിരുന്നു.

വിമാനയാത്രയിൽ രണ്ട് സാൻഡ്‍വിച്ചുകൾ മാത്രം കഴിച്ച് ജീവനക്കാർ കഴിയാൻ സാധിക്കില്ല എന്നും അതിനാൽ താനവർക്ക് വേണ്ടി പിസ വാങ്ങിക്കാൻ വേണ്ടി പോയതാണ് എന്നുമായിരുന്നു പൈലറ്റിന്റെ വിശദീകരണം. രണ്ട് മണിക്കൂർ യാത്രയായിരുന്നു വിമാനത്തിന് ഉണ്ടായിരുന്നത്. വിമാനം വൈകുമെന്ന് പ്രഖ്യാപിച്ച പൈലറ്റ് ഒരു ബോക്സിൽ പിസയുമായി വിമാനത്തിൽ എത്തുകയായിരുന്നു എന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

‘രണ്ട് സാൻഡ്‍വിച്ച് കൊണ്ടുമാത്രം തന്റെ ജീവനക്കാർക്ക് ഈ യാത്രയിൽ നിൽക്കാനാവില്ല. താനവർക്ക് ഭക്ഷണം വാങ്ങാൻ പോയതാണ്. തനിക്ക് എല്ലാ യാത്രക്കാരെയും പോലെ വരി നിന്ന് മാത്രമേ ഭക്ഷണം വാങ്ങാനാവൂ. അകത്തേക്കും പുറത്തേക്കും പോകാനായി എല്ലാ തരം ചെക്കിംഗുകളും അവിടെ ഉണ്ടാവും. അതിനാലാണ് വൈകിയത്. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി’ എന്നും പൈലറ്റ് പറഞ്ഞു.

ഒടുവിൽ, ഒരു മണിക്കൂർ വൈകിയതിന് ശേഷമാണത്രെ വിമാനം പറന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ചിലർ തന്റെ സഹപ്രവർത്തകരെ കുറിച്ച് അദ്ദേഹം കാണിക്കുന്ന കരുതലിനെ അഭിനന്ദിച്ചു. എന്നാൽ, അതേസമയം തന്നെ മറ്റ് പലരും പൈലറ്റിനെ വിമർശിച്ചു. ‘ജീവനക്കാർക്ക് ഭക്ഷണം വേണമെന്ന് അപ്പോഴാണോ അറിയുന്നത്. അതൊക്കെ നേരത്തെ തന്നെ വാങ്ങിവയ്ക്കണമായിരുന്നു. വെറുതെ യാത്രക്കാരുടെ സമയം പാഴാക്കി കളയുകയായിരുന്നില്ല വേണ്ടത്’ എന്നായിരുന്നു അവരിൽ പലരും കമന്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *