Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ തല്ക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നല്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കൂടുതൽ എംഎംൽഎമാർ പുറത്ത് വരാൻ കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് സൂചിപ്പിച്ചു.

നിലവിൽ 88 എംഎൽഎമാരുള്ള നിയമസഭയിൽ ബിജെപിയുടെ സംഖ്യ 40 ആണ്. മറ്റ് മൂന്ന് എംഎൽഎമാരുടെ പിന്തുണ കൂടി ബിജെപിക്കുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ താഴെ ഇറക്കാൻ എന്നാൽ കോൺഗ്രസിന് തല്ക്കാലം കഴിഞ്ഞേക്കില്ല. മാർച്ചിലാണ് നിലവിലെ നായബ് സിംഗ് സയിനി സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. ഇനി ആറുമാസത്തേക്ക് അവിശ്വാസ നോട്ടീസ് അംഗീകരിക്കേണ്ട കാര്യം സ്പീക്കർക്കില്ല. അതിനാൽ നോട്ടീസ് തല്ക്കാലം നല്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. 30 എംഎൽഎമാരുള്ള കോൺഗ്രസിന് മൂന്ന് സ്വതന്ത്രർ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. പത്ത് എംഎൽഎമാരുള്ള ജെജെപി- കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണ്. സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും ആവർത്തിച്ചു.

എന്നാൽ ജെജെപിയിലെ അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചാടാനുള്ള സാധ്യതയുള്ളതിനാൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. ജാട്ട് വിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎമാർ അതൃപ്തരാണ്. ഇവരെ ഒപ്പം കൂട്ടാൻ കോൺഗ്രസ് നീക്കം തുടരുന്നുവെന്നാണ് സൂചന. ലോക്സഭയിലേക്ക് ശക്തമായ പോരാട്ടം നടക്കുന്ന ഹരിയാനയിലെ ഈ നാടകീയ നീക്കങ്ങൾ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമല്ലെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നാണ് കോൺഗ്രസ് കരുതുന്നത്. സംസ്ഥാന സർക്കാർ ആടി നിൽക്കുകയാണെങ്കിലും ലോക്സഭ ഫലം വരുന്നത് വരെ സർക്കാർ താഴെ വീഴാൻ ഇടയില്ല.

Leave a Reply

Your email address will not be published. Required fields are marked *