Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു. ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ഒൻപതരയോടെ കനാൽപ്പാലം റോഡിലാണ് സംഭവം.

താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും കടിയേറ്റു. ഇരുവരും നാദാപുരം ഗവണ്‍മെന്‍റ് ആശുപത്രിയിൽ ചികിൽസ തേടി. ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല. ഈ ഭാഗത്ത് തെരുവ് നായ ആക്രമണം പതിവാകുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേർക്കാണ് കടിയേറ്റത്.

മൂവാറ്റുപുഴയിലേത് തെരുവുനായ ആക്രമണമല്ല

അതിനിടെ മൂവാറ്റുപുഴയിൽ ഒമ്പതു പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. ഒമ്പതുപേരെയും തെരുവുനായ ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ആക്രമിച്ചത് തെരുവുനായ അല്ലെന്നും വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു.
നായയുടെ ഉടമയ്ക്കെതിരെ പരാതി നല്‍കുന്നത് പരിഗണനയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. നായയുടെ ആക്രമത്തില്‍ പരിക്കേറ്റ് ഒമ്പതു പേരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികൾ അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്പലത്തിൽ പോയവരും മദ്രസയിൽ പോയി മടങ്ങി വരുകയായിരുന്ന കുട്ടികൾക്കും ജോലിക്ക് ഇറങ്ങിയവർക്കും നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *