Your Image Description Your Image Description
Your Image Alt Text

 

 

കൊച്ചി: കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിലെ ഡ്രൈവറെ മര്‍ദിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ കൊടകരയില്‍ വെച്ച് ലോറി ഡ്രൈവറെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചത്. സിഐടിയു യൂണിയൻ പ്രവര്‍ത്തകരാണ് ലോറി ഡ്രൈവറെ മര്‍ദിച്ചതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്.

തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്നാണ് ഡ്രൈവറെ മര്‍ദിച്ച സംഭവമുണ്ടായത്. മര്‍ദിച്ചത് സിഐടിയു യൂണിയൻ പ്രവര്‍ത്തകരാണെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. ചുമട്ട് തൊഴിലാളികളായ രണ്ടു പേര്‍ ഡ്രൈവറുടെ കഴുത്തില്‍ പിടിച്ചുകൊണ്ട് മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മര്‍ദനം തുടരുന്നതും ദൃശ്യത്തില്‍ കാണാം. മര്‍ദിക്കുന്നത് തടയാൻ മറ്റൊരു ജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിയേറ്റ ശ്രീകുമാര്‍ താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലാന്‍റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെതുടർന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സർവീസ് മുടങ്ങി. ഇതോടെ ഈ ഏഴു ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും ഇതോടെ പ്രതിസന്ധിയിലാകും.

Leave a Reply

Your email address will not be published. Required fields are marked *