Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: തൊഴിലാളികളുടെ സമരം മൂലം വിമാന സർവീസ് മുടങ്ങിയതോടെ ഇന്നും യാത്രക്കാർ പ്രതിസന്ധിയിൽ. 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 292 വിമാന സർവീസുകള്‍ തുടരുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ക്രമീകരിക്കുയോ ചെയ്യാനുളള സജീകരണമൊരുക്കിയതായും വിമാനക്കമ്പനി അറിയിച്ചു.

തൊഴിലാളികളുടെ സമരം മൂലം വിമാനസർവീസ് മുടങ്ങിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. മുന്നറിയിപ്പില്ലാതെയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ക്യാബിൻ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് മുടങ്ങിയത്. അൽ ഐൻ, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. സർവീസുകൾ റദ്ദു ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തി.

കണ്ണൂരിൽ ഇന്ന് നാല് വിമാനങ്ങൾ റദാക്കി. ഷാർജ, മസ്കറ്റ്, ദമാം, അബുദാബി വിമാനങ്ങളാണ് മുടങ്ങിയത്. മസ്കറ്റ്, ദമാം വിമാനങ്ങൾ റദാക്കിയെന്ന അറിയിപ്പ് ഇന്നലെ നൽകിയിരുന്നു. എന്നാൽ പുലർച്ചെ 4.20നുള്ള ഷാർജ വിമാനം സർവീസ് നടത്തുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ഇതനുസരിച്ച് നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. അവസാന നിമിഷമാണ് വിമാനം റദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു. കമ്പനി ജീവനക്കാരുമായി വാക്കറ്റമുണ്ടായി. ഇന്നലെ റദാക്കിയ ഷാർജ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് ഇന്ന് പുലർച്ചേയുള്ള വിമാനത്തിൽ ടിക്കറ്റ് പുനക്രമീകരിച്ച് നൽകിയിരുന്നു. ഇവരുടെ യാത്ര വീണ്ടും മുടങ്ങി. നെടുമ്പാശേരിയിൽ നിന്ന് രാവിലെ മസ്ക്കറ്റിലേക്ക് പോകേണ്ട വിമാനവും കൊൽക്കത്തയിലേക്കുള്ള ആഭ്യന്തരസർവീസും റദ്ദാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മസ്ക്കറ്റിലേക്ക് 8.30 നുള്ള വിമാനവും 8.40 നുള്ള തിരുവനന്തപുരം-ബെംഗളുരു വിമാനവും, 9 മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം – അബുദാബി വിമാനങ്ങളുമാണ് റദാക്കിയത്. വിമാനത്താവളത്തിലെത്തിയ ശേഷമാണ് യാത്രക്കാർ പലരും വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ പത്തു വിമാനങ്ങളാണ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *