Your Image Description Your Image Description
Your Image Alt Text

 

 

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ ഗംഭീരമായ തീയറ്റര്‍ വിജയത്തിന് ശേഷം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. 18 കൊല്ലം മുന്‍പ് നടന്ന സംഭവത്തിന്‍റെ ചലച്ചിത്ര ഭാഷ്യം എന്ന നിലയില്‍ കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വന്‍ വിജയമാണ് നേടിയത്. എറാണകുളത്തെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാല്‍ ടൂര്‍ പോയ സംഘത്തിലെ ഒരാള്‍ ഗുണ ഗുഹയില്‍ വീണു പോകുന്നതും അയാളെ രക്ഷിച്ച സുഹൃത്തുക്കളുടെ പരിശ്രമവുമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ 200 കോടിക്ക് മുകളില്‍ ചിത്രം നേടിയിരുന്നു. ചിത്രത്തില്‍ സുഹൃത്ത് കുഴിയില്‍ വീണത് പൊലീസിനെ അറിയിക്കാന്‍ പോയ കൂട്ടുകാരെ പൊലീസ് തല്ലുന്നതായി കാണിക്കുന്നുണ്ട്. ഇത് ശരിക്കും സംഭവിച്ചതാണെന്ന് യഥാര്‍ത്ഥ മഞ്ഞുമ്മല്‍ സംഘവും വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇതില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പതിനെട്ട് കൊല്ലത്തിന് ശേഷം തമിഴ്നാട് പൊലീസ് എന്നതാണ് പുതിയ വാര്‍ത്ത.

മലയാളി ആക്ടിവിസ്റ്റ് വി ഷാജു എബ്രഹാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് ആഭ്യന്തര വകുപ്പ് തമിഴ്നാട് ഡിജിപിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വലിയ വിജയമായതിന് പിന്നാലെയാണ് 2006 ല്‍ നടന്ന സംഭവം വീണ്ടും ജന ശ്രദ്ധയിലേക്ക് വന്നത്.

അതേ സമയം സിനിമയില്‍ അന്ന് മഞ്ഞുമ്മല്‍ സംഘം നേരിട്ട പീഡനത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് കാണിച്ചത് എന്നാണ് പരാതിക്കാരനായ വി ഷാജു എബ്രഹാം പറയുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ഈ വർഷം ഫെബ്രുവരി 22 ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററുകളിൽ വൻ വിജയം നേടി. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ലോകമെമ്പാടുമായി 240.59 കോടി രൂപ നേടി. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം സൗബിന്‍ ഷാഹിര്‍ പറവ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *