Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച് കേരള ഘടകം. മുൻ മന്ത്രി ജോസ് തെറ്റയിലിനെ അധ്യക്ഷനാക്കിയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. അയോഗ്യത ഭീഷണി ഒഴിവാക്കാനായി മന്ത്രി കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹിത്വം ഏറ്റെടുക്കില്ല. കേന്ദ്ര നേതൃത്വത്തിന്റ ബിജെപി ബന്ധത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന കേരള ജെഡിഎസ് ഒടുവിൽ നിർണായക തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.

പുതിയ പാർട്ടിയുണ്ടാക്കാതെ കേരളത്തിൽ നിലനിൽക്കാൻ കഴിയില്ലെന്ന സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തലാണ് നീക്കങ്ങൾ വേഗത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗം പുതിയ പാർട്ടി രൂപീകരണത്തിന് പച്ചക്കൊടി കാണിച്ചു. കേരള ജനതദൾ, സോഷ്യലിസ്റ്റ് ജനത കേരള, തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. കെ കൃഷ്ണൻകുട്ടിയോ മാത്യു ടി തോമസോ പാർട്ടി ഭാരവാഹിത്വത്തിൽ എത്തിയാൽ അയോഗ്യത പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ജോസ് തെറ്റയിലിനെ പുതിയ പാർട്ടിയുടെ അധ്യക്ഷൻ ആക്കാനുള്ള നീക്കം.

സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷൻമാരുടെയും യോഗത്തിൽ ജോസ് തെറ്റയിൽ ആധ്യക്ഷനാകണമെന്നാണ് തീരുമാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം പാർട്ടി വിലയിരുത്തും. കർണാടകത്തിലെ ജെഡിഎസ് ബിജെപിയിൽ ലയിച്ചാൽ ഒരു പക്ഷെ കേരള ഘടകത്തിന് ജെഡിഎസ് ആയി നിലനിൽക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ പാർട്ടി ചിഹ്നവും കൊടിയും കൈവിട്ട് പോകില്ലെന്നും കേരള നേതാക്കാൾ കരുതുന്നു. അതുകൊണ്ടാണ് അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കുന്നത്.

മുമ്പ് എൻസിപി അടക്കമുള്ള പാർട്ടികളുമായി ലയിക്കാൻ ആലോചനയുണ്ടായിരുന്നു, എന്നാൽ ഭാരവാഹിത്വത്തിൽ അടക്കം ഉണ്ടായേക്കാവുന്ന തർക്കങ്ങൾ മുന്നിൽകണ്ട് അത്തരം നീക്കങ്ങൾ ഒഴിവാക്കി. ആർജെഡിയുമായി സഹകരിക്കുന്നതിനോടും കേരള ജെഡിഎസിലെ ഭൂരിഭാഗം നേതാക്കൾക്കും എതിർപ്പാണ്. ജെഡിഎസ് കേന്ദ്ര ബന്ധം ഒഴിവാക്കുമ്പോൾ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും പാർട്ടി പ്രസിഡന്‍റ് മാത്യു ടി തോമസിന്റെയും നിയമസഭ അംഗത്വവും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിധികളുടെ അംഗത്വവും കൂറുമാറ്റ നിരോധന നിയത്തിന്റെ ഭീഷണിയിൽ വരുമോ എന്ന ആശങ്കയും പാർട്ടിക്കുളളിലുണ്ട്. ഇതെല്ലാം പരിഗണിച്ച് നിയമകുരുക്കുകളുണ്ടാകാത്ത വിധം മുന്നോട്ട് പോകുകയാണ് പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *