Your Image Description Your Image Description
Your Image Alt Text

താനൂർ: നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ടു ദുരന്തത്തിന് ഇന്ന് ഒരാണ്ട്. അപകടത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട മക്കളുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് പരപ്പനങ്ങാടി സ്വദേശി ജാബിര്‍. പണമില്ലാത്തതിനാല്‍ മക്കളുടെ തുടര്‍ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ബോട്ടപകടത്തില്‍ ഭാര്യയും മകനും ഉള്‍പ്പെടെ ബന്ധുക്കളായ പതിനൊന്നു പേരാണ് ജാബിറിന് നഷ്ടമായത്.

കണ്ണൊന്നിറുക്കിയടച്ചാല്‍ ജന്നയുടേയും ജര്‍ഷയുടേയും മനസില്‍ നിറയുന്നത് ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങുന്ന ഉമ്മയുടേയും സഹോദരന്‍റേയും മുഖമാണ്. ഉമ്മയെ കാണാന്‍ വാശി പിടിച്ചു കരയുന്ന രാവുകളുമുണ്ട്. വിതുമ്പുന്ന മക്കളെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കാനേ ജാബിറിന് കഴിയുന്നുള്ളൂ. താനൂര്‍ ബോട്ടപകടത്തില്‍ ഭാര്യ ജെല്‍സിയയും മൂത്ത മകന്‍ ജരീറും നഷ്ടമായതാണ് ജാബിറിന്. മക്കളുടെ ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും പരിക്ക് വിട്ടുമാറിയിട്ടില്ല. ജര്‍ഷക്ക് ഇപ്പോഴും നടക്കാന്‍ പോലും പ്രയാസമാണ്. മക്കളെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോകാന്‍ കഴിയാത്തതിനാല്‍ മത്സ്യത്തൊഴിലാളിയായ ജാബിര്‍ ജോലിക്കു പോകുന്നുമില്ല. വള്ളവും വലയുമൊക്കെ വിറ്റാണ് മക്കളുടെ ചികിത്സ നടത്തുന്നത്. തുടർ ചികിത്സക്കുള്ള ഒരു സഹായവും സര്‍ക്കാരില്‍ നിന്നുമുണ്ടായിട്ടില്ല.

ജാബിറിന്‍റ ബന്ധുവായ സെയ്തലവിയുടെ ഭാര്യയും നാലുമക്കളുമാണ് അപകടത്തില്‍ മരിച്ചത്. അനുജന്‍ സിറാജിന് നഷ്ടമായത് ഭാര്യയും മൂന്നു മക്കളും. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രഖ്യാപനം മാത്രമായി ഇപ്പോഴും അവശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *