Your Image Description Your Image Description
Your Image Alt Text

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് കരുതൽ തടങ്കലിലെടുത്ത് പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന പരാതിയുമായി അന്തിക്കാട്ടെ സിപിഎം പ്രവർത്തകൻ. ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പൊലീസ് പിടിച്ചുകൊണ്ടുപോയി ഇരുട്ടുമുറിയിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് അന്തിക്കാട് നടന്ന എൽഡിഎഫിൻറെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്നാണ് യദു കൃഷ്ണൻറെ പരാതി.

സ്റ്റേഷൻ പരിധിയിലെ ഗുണ്ടകളെ കരുതൽ തടങ്കലിൻറെ ഭാഗമായി വിളിച്ചു വരുത്തുന്നു എന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്നും യദു പറയുന്നു. വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൊലീസ് ജീപ്പ് വന്നതെന്ന് യദു പറഞ്ഞു. എസ്ഐയും അഡീഷണൽ എസ്ഐയുമാണ് വന്നത്. തുടർന്ന് അനാവശ്യമായി ചീത്ത പറയും തെറി വിളിക്കുകയും ചെയ്തു. താൻ പ്രശ്നക്കാരനാണെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനോട് ചേർന്നുള്ള പഴയ കെട്ടിടത്തിലെ മുറിയിൽ കൊണ്ടുവന്ന് കരിക്ക് കൊണ്ട് ഇടിച്ചെന്നും യദു പറഞ്ഞു.

ഇരുട്ടുമുറിയിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഇടിച്ച് മൂലക്കിടുകയായിരുന്നു. മർദ്ദിച്ചശേഷം പിറ്റേദിവസം ഏപ്രിൽ 21നാണ് വിട്ടയച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെന്നും യദു പറഞ്ഞു. ഗുണ്ടാ പ്രവർത്തനം ഉണ്ടെന്നാരോപിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും യദു വെളിപ്പെടുത്തി. സംഭവത്തിൽ അന്തിക്കാട് സിഐ, അഡീഷനൽ എസ്ഐ എന്നിവർക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും യദു പരാതി നൽകി.

എന്നാൽ, സ്റ്റേഷൻ ഗുണ്ടാ പട്ടികയിലുള്ള യദുവിനെ സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായി വിളിച്ചു വരുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് പൊലീസിൻറെ വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി കരുതൽ തടങ്കലായാണ് യുവാവിനെ കൊണ്ടുപോയതെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *