Your Image Description Your Image Description
Your Image Alt Text

 

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പെരുമാനി’ മെയ് 10 ന് തിയറ്ററുകളിലെത്തും. ചിത്രീകരണവേള മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഈ സിനിമ കഥാപാത്രങ്ങളുടെ ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലർത്തിയിരിക്കുകയാണ്. സിനിമ റിലീസിനോട് അടുക്കുന്ന അവസരത്തിൽ മൈക്ക് അനൗൺസ്മെന്റുമായി സണ്ണി വെയ്നും വിനയ് ഫോർട്ടും ലുക്ക്മാനും ജീപ്പിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലായികൊണ്ടിരിക്കുന്നത്. സംവിധായകൻ മജു നേതൃത്വം വഹിക്കുന്ന ഈ വിളംബര യാത്രയിൽ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും കൂടെയുണ്ട്.

“പെരുമാനി ​ഗ്രാമത്തിന്റെ പെരുമകൾ വിളിച്ചോതുന്ന ‘പെരുമാനി’ എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദർഭങ്ങളും പുത്തൻ ദൃശ്യാവിഷ്കാരവും സമന്വയിപ്പിക്കുന്ന സിനിമാ അനുഭവത്തിലേക്ക് എല്ലാവർക്കും സ്വാ​ഗതം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ പോലെ, ഒ വി വിജയന്റെ തസ്റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്ക്രീനുകളിലേക്കെത്തുന്നത്. മലയാള സിനിമയുടെ ആഴമുള്ള കഥാപാരമ്പര്യത്തിലേക്ക് നവസിനിമയുടെ പുതിയ തലങ്ങളിലേക്കും കടന്ന് ചെല്ലുന്ന പെരുമാനിക്കാർ തീർച്ചയായും നിങ്ങൾക്ക് വ്യത്യസ്തമായ ആസ്വാദനമായിരിക്കും എന്നറിയിച്ചുകൊണ്ട് ഒരിക്കൽകൂടി നിങ്ങളുടെ തിയറ്ററുകളിൽ സീറ്റുറപ്പാക്കുക എന്നോർമ്മപ്പെടുത്തികൊണ്ട് വീണ്ടും ഏവർക്കും സ്വാ​ഗതം.” എന്ന് വിളിച്ച് പറഞ്ഞുകൊണ്ടുള്ള വിളമ്പരയാത്ര സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

വേറിട്ട ​ഗെറ്റപ്പിൽ അഭിനേതാക്കളെ അണിനിരത്തുന്ന ‘പെരുമാനി’യിൽ ‘മുജി’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്നത്. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ മുജി പ്രത്യക്ഷപ്പെടുമ്പോൾ ‘നാസർ’ എന്ന പേരിൽ പെരുമാനിയിലെ പുതുമാരനായിട്ടാണ് വിനയ് ഫോർട്ട് എത്തുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ലുക്ക്‌മാൻ അവറാൻ, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്കും ട്രെയിലർ ഇറങ്ങിയതോടെ ചർച്ചാവിഷയമായിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പെരുമാനി എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ഫാന്റസി ഡ്രാമ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്.

2022 ഒക്ടോബർ 28 ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ- അലൻസിയർ ചിത്രം ‘അപ്പന്’ ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്ത് നിൽക്കുന്നവർക്ക് മുന്നിൽ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടിൽ നിൽക്കുന്ന പെരുമാനിക്കാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ടൊവിനോ തോമസാണ് റിലീസ് ചെയ്തത്. 1 മിനിറ്റും 38 സെക്കന്റും ദൈർഘ്യം വരുന്ന ട്രെയിലർ ചിത്രത്തിന്റെ സാരാംശം വ്യക്തമാക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് ദുൽഖർ സൽമാനാണ്. തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ കലഹങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത ഗ്രാമമാണ് പെരുമാനി എന്ന സൂചനയാണ് നൽകിയത്.
പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പർട്ടികളുടെ പോസ്റ്ററുകളും ടീസറിന് പിന്നാലെ പുറത്തുവിട്ടിരുന്നു. പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകർക്കായ് അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഈ ചായക്കയിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം മനേഷ് മാധവൻ, ചിത്രസംയോജനം ജോയൽ കവി, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ഗാനരചന മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, കലാസംവിധാനം വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് ലാലു കൂട്ടലിട, വിഎഫ്എക്സ് സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് രമേശ്‌ അയ്യർ, ആക്ഷൻ മാഫിയ ശശി, സ്റ്റിൽസ് സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, ഡിസ്ട്രിബ്യൂഷൻ സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *