Your Image Description Your Image Description
Your Image Alt Text

 

 

ഡൽഹി: ആചാരങ്ങളില്ലാതെ വിവഹ രജിസ്ട്രേഷൻ മാത്രം നടത്തുന്നത് ഹിന്ദു വിവാഹ നിയമ പ്രകാരം സാധുവാകില്ലെന്ന് സുപ്രീംകോടതി. ആചാര പ്രകാരമുള്ള ചടങ്ങുകളും പൂർത്തിയാക്കിയെന്ന തെളിവ് വേണം. അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വലം വെയ്ക്കുന്നത് പോലുള്ള ചടങ്ങുകൾ നടത്തണം. പാട്ടും ഡാൻസും ഭക്ഷണവുമെല്ലാമാണ് ഹിന്ദു വിവാഹം എന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

സാധുവായ ചടങ്ങുകൾ നടത്താതെ വിവാഹിതരായ രണ്ട് പൈലറ്റുമാരുടെ വിവാഹ മോചന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹത്തിലേക്ക് കടക്കുന്നതിന് മുൻപുതന്നെ വിവാഹത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. ഇന്ത്യൻ സമൂഹത്തിൽ വിവാഹമെന്നാൽ അത്രത്തോളം പവിത്രമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹമെന്നത് പാട്ടിനും നൃത്തത്തിനും വിരുന്നിനും ഭക്ഷണത്തിനുമായുള്ളതല്ല. സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും നൽകാനുമുള്ളതല്ല. വിവാഹം ഒരു വാണിജ്യ ഇടപാടല്ല. രണ്ട് വ്യക്തികളുടെ ആജീവനാന്തമുള്ള പരസ്പര സമ്മതത്തോടെയുള്ള കൂടിച്ചേരലാണത്. സമൂഹത്തിന് അടിത്തറ പാകുന്ന കുടുംബം പടുത്തുയർത്താനുള്ള സ്ത്രീയുടെയും പുരുഷന്‍റെയും ഒരുമിച്ച് ചേരലാണ് വിവാഹമെന്നും കോടതി നിരീക്ഷിച്ചു.

വിവാഹത്തിൽ നല്ല പാതി (ബെറ്റർ ഹാഫ്) എന്നൊന്നില്ല. ഇരുവരും തുല്യരാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമം ബഹുഭാര്യത്വവും ബഹുഭർതൃത്വവും അംഗീകരിക്കുന്നില്ല. ചടങ്ങുകള്‍ നടത്തിയില്ലെങ്കിൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം വിവാഹം സാധുവല്ലെന്നും കോടതി പറഞ്ഞു. അതേസമയം 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ആ വിവാഹം സാധുവാണ്. എന്നാൽ രജിസ്റ്റര്‍ വിവാഹം ഹിന്ദു വിവാഹ നിയമ പരിധിയിൽ വരില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പൈലറ്റുമാരുടെ കേസിൽ ഉത്തർ പ്രദേശിൽ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ചടങ്ങുകള്‍ നടത്താതെയുള്ള ഈ വിവാഹം ഹിന്ദു വിവാഹ നിയമ പരിധിയിൽ വരില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *