Your Image Description Your Image Description
Your Image Alt Text

 

മലപ്പുറം: പൊന്നാനിയിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം കോൺഗ്രസുകാർ ബിജെപിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി സിപിഎം. ഇകെ വിഭാഗത്തിൻറെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. പാർട്ടി വോട്ടുകൾ ചോർന്നത് മറച്ചു വെക്കാനുള്ള തന്ത്രമാണ് സിപിഎം ആരോപണമെന്ന മറുപടിയുമായി ലീഗും കോൺഗ്രസും രംഗത്തെത്തി.

പ്രചാരണ കാലത്തു തുടങ്ങിയ പോര് പോളിംഗിനു ശേഷവും അതേ ഊർജ്ജത്തിൽ തുടരുകയാണ് പൊന്നാനിയിൽ. പൊന്നാനിയിലെ പോളിംഗ് കുറയാനുള്ള കാരണങ്ങളിലൊന്ന് കോൺഗ്രസ് പ്രവർത്തകർ നിഷ്ക്രിയമായതാണെന്ന ആരോപണമാണ് സിപിഎം ഉയർത്തുന്നത്. ഒരു വിഭാഗം കോൺഗ്രസുകാർ ബിജെപിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് സ്വാധീന മേഖലകളിൽ പോളിംഗ് കുത്തനെ കുറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദു സമദ് സമദാനിയോടുള്ള കോൺഗ്രസുകാരുടെ താത്പര്യകുറവാണ് ഇതിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു.

ലീഗുമായുള്ള പ്രശ്നങ്ങൾ മൂലം ഇ കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം കാര്യമായി സഹായിച്ചെന്നും സിപിഎം നേതൃത്വം പറയുന്നു. എന്നാൽ കനത്ത തോൽവി മുന്നിൽ കണ്ട് സിപിഎം നടത്തുന്ന പ്രചാര വേലയാണിതെന്ന മറുപടിയാണ് കോൺഗ്രസും മുസ്ലീം ലീഗും നൽകുന്നത്. തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം കേന്ദ്രങ്ങളിൽ പോലും പോളിംഗ് ശതമാനം കുറഞ്ഞത് ഇടത് സ്ഥാനാർത്ഥിയോടുള്ള താത്പര്യക്കുറവ് മൂലമാണെന്ന വാദം യുഡിഎഫും നിരത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *