Your Image Description Your Image Description
Your Image Alt Text

തൊഴിലാളികുടെ അവകാശങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതോടെ അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായി. തൊഴിലാളികളോടുള്ള ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങള്‍ ഈ ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

‘തൊഴിലാളി ദിനം’ അല്ലെങ്കിൽ ‘മെയ് ദിനം’ ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും അവരുടെ നേട്ടങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ദിവസം. തൊഴിലാളി ദിനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ വാദങ്ങള്‍ നിലനിൽക്കുന്നുണ്ട്‌.

1856ല്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായി നിശ്ചയിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഓസ്ട്രേലിയയിലാണ് ‘തൊഴിലാളി ദിനം’ ആചരിക്കുകയെന്ന ആശയം ഉയര്‍ന്നതെന്നാണ് ആദ്യത്തെ വാദം.

അമേരിക്കയിലെ ചിക്കാഗോയില്‍ 1886 ഹേയ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്ന മറ്റൊരു വാദവുമുണ്ട്. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ പൊതുയോഗത്തില്‍ പൊലീസ് നടത്തിയ വെയിവയ്പ്പാണ് ‘ഹേ കൂട്ടക്കൊല’.

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് ‘തൊഴിലാളി ദിനം’ ആദ്യമായി ആചരിച്ച് തുടങ്ങിയതെന്നും ഒരു വാദമുണ്ട്. അമേരിക്കയിലും ‌കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിനത്തെ കണക്കാക്കിയിരുന്നത്.

അര്‍ജന്റീനയില്‍ മെയ് ഒന്നിന്‌ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട ദിനത്തിന്റെ വാര്‍ഷികം എന്ന നിലയില്‍ ധാരാളം ആഘോഷങ്ങള്‍ നടക്കാറുണ്ട്. പ്രാദേശികമായി ചെറുയോഗങ്ങള്‍ സംഘടിപ്പിക്കുകയും പരസ്പരം ആശംസകള്‍ കൈമാറുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. 1909 ല്‍ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി. അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായാണ് ഇതിനെ കണക്കാക്കുന്നത്. പിന്നീട് ഹുവാന്‍.ഡി.പെറോണ്‍ എന്നയാളുടെ നേതൃത്വത്തില്‍ വന്ന തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരാണ് ഈ ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാൻ തീരുമാനിച്ചതെന്നും ചരിത്രം പറയുന്നു.

1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടുമണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി ‘തൊഴിലാളി ദിനം’ ആചരിക്കാന്‍ തീരുമാനിച്ചതെന്നും ഒരു വാദമുണ്ട്.

ഇന്ത്യയില്‍ 1923 ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിച്ചത്. ‘മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം’ ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. തുടർന്നാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്. അടുത്ത കാലത്തായി ഇന്ത്യയിലെ എല്ലായിടത്തും തൊഴിലാളി ദിനത്തിന് മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *