Your Image Description Your Image Description
Your Image Alt Text

 

മരണാനന്തര ജീവിതത്തെ കുറിച്ചുള്ള മനുഷ്യൻറെ അന്വേഷണങ്ങൾ ഇനിയും എവിടെയും എത്തിയിട്ടില്ല. എന്നാൽ, സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്തും പലരും മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നു. പല വിശ്വാസികളും മൃതദേഹം സംസ്കരിക്കുന്നത് ഈ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ്. മരണാനന്തര കർമ്മകൾ ചെയ്തില്ലെങ്കിൽ ആത്മാവ് ഭൂമി വിട്ട് പോകില്ലെന്ന വിശ്വാസത്തിന് ഇന്നും ഏറെ ആരാധകരുണ്ട്. അതേസമയം മരണശേഷം തൻറെ ഓർമ്മയ്ക്കായി പലതും ബാക്കി വച്ച് പോകുന്ന നിരവധി ആളുകളും നമ്മുക്കിടയിലുണ്ട്. അത്തരമൊരാളെ കുറിച്ചാണ് ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സെൻട്രൽ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഷാങ് ഫുക്കിംഗ് എന്ന് 78 കാരൻ മരിച്ചത്. പിന്നാലെ അദ്ദേഹത്തിൻറെ വീടിൻറെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുകയും വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. അതിന് കാരണമാകട്ടെ, മരിക്കുന്നതിന് മുമ്പ് ഷാങ് ഫുക്കിംഗ് തൻറെ ചിന്തകളെല്ലാം വീടിൻറെ ചുമരിൽ എഴുതി വച്ചിരുന്നുവെന്നത് തന്നെ. തനിക്ക് പറയാനുള്ളതും തൻറെ ചിന്തകളും മുഴുവൻ അദ്ദേഹം ചുമരിൽ എഴുതിവച്ചു. അയാളുടെ മരണശേഷം വീട്ടിലെത്തിയ ആളുകളാണ് എഴുത്തുകൊണ്ട് നിറഞ്ഞ ചുവരുകളും വീട്ടുപകരണങ്ങളും കണ്ട് അമ്പരന്നത്. അവർ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഷാങ് ഫുക്കിംഗ് സാമൂഹിക മാധ്യമത്തിലെ ചർച്ചകളിൽ നിറഞ്ഞത്.

‘ഹൗസ് ഓഫ് തോട്സ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കുത്തിഎഴുതിയ വീട്ട് ചുമരിൻറെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചത്. സെൻട്രൽ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ തൻറെ വീട്ടിലാണ് ഷാങ് ഫുക്കിംഗ് എന്ന് 78 കാരൻ തൻറെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എഴുതിവെച്ചിരിക്കുന്നത്. ഇതിൽ അദ്ദേഹത്തിൻറെ ദൈനംദിന ദിനചര്യകൾ മുതൽ തൻറെ കുടുംബ ചരിത്രവും ലോകത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകളും എല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ തൻറെ കുടുംബാംഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും അദ്ദേഹം എഴുതി വച്ചു.

അതിലൊന്ന് ഇങ്ങനെ ആണ്; ‘എല്ലാ വർഷവും ആപ്രിക്കോട്ട് മരങ്ങളിൽ പൂക്കൾ ഉണ്ടാകുമ്പോൾ കീടനാശിനി തളിക്കണം. വലിയ പഴം മധുരമുള്ളതാണ്.’ മറ്റൊരു കുറിപ്പ് 2023-ൽ അദ്ദേഹം കേട്ട ഒരു വാർത്തയെക്കുറിച്ച് ആയിരുന്നു: “2026-ഓടെ സിൻജിയാങ്ങിലെ കഷ്ഗർ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രങ്ങളിലൊന്നായി മാറും. 77-കാരനായ ഷാങ് ഫുക്കിംഗിന് ഇത് കാണാൻ അവസരം ലഭിക്കുമോ?” എന്നായിരുന്നു. വീടിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് അദ്ദേഹത്തിൻറെ വേറിട്ട ആശയത്തെ പ്രശംസിച്ചത്. ഒരു മനുഷ്യന് തൻറെ പാരമ്പര്യവും ഓർമ്മയും ഇതിലും അധികമായി ബാക്കിയാക്കി പോകാൻ സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *