Your Image Description Your Image Description
Your Image Alt Text

 

കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മംഗൽപ്പാടിയിലും മോഷണ ശ്രമവും ഉണ്ടായി. ആളില്ലാത്ത വീട് നോക്കിയാണ് കാസർകോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ മോഷണം തുടരുന്നത്. വാതിൽ പൊളിച്ചോ, കുത്തി തുറന്നോ ആണ് കള്ളന്മാര‍് അകത്ത് കയറുന്നത്.

സ്വർണ്ണവും പണവും കവർന്ന് രക്ഷപ്പെടുന്നവരെ പിടികൂടാനുള്ള പൊലീസ് ശ്രമം പക്ഷേ ഫലം കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും മറ്റുമായി പൊലീസ് ഉദ്യോഗസ്ഥർ തിരക്കിലായതോടെ കള്ളന്മാർക്ക് പുറകേ പോകാൻ സമയമില്ലാത്തതും കാരണം. ഉപ്പള സോങ്കാൽ പ്രതാപ് നഗറില് പ്രവാസിയായ ബദറുൽ മുനീറിൻറെ വീട് കുത്തി തുറന്ന് അഞ്ച് പവൻ സ്വർണ്ണവും 35,000 രൂപയുമാണ് കള്ളന്മാർ കൊണ്ട് പോയത്. തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രൻറെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നതും ഒരാഴ്ചക്കുള്ളിലാണ്.

നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളും കവർന്നത്. മംഗൽപാടി പഞ്ചായത്ത് ഓഫീസിലും മോഷണ ശ്രമമുണ്ടായി. വാതിലുകൾ തകർത്ത് അകത്ത് കയറിയെങ്കിലും മോഷ്ടാക്കൾക്ക് ഒന്നു ലഭിച്ചിട്ടില്ല. സിസി ടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക്, ഡോഗ് സ്ക്വാഡ് അടക്കമുള്ളവർ ഈ സ്ഥലങ്ങളിലെല്ലാം എത്തി പരിശോധന നടത്തിയിരുന്നു. വീട് അടച്ചിട്ട് ദിവസങ്ങൾ മാറിത്താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *