Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം : കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടൽ മാറാതെ സിപിഎം. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സി പി എം-ബി ജെ പി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം. തിരഞ്ഞെടുപ്പ് ദിനത്തിൽ കിട്ടിയ സുവ‍ർണ്ണാവസരം ആഞ്ഞുപിടിക്കാനാണ്‌ യുഡിഎഫ് തീരുമാനം.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി ഇതായിരുന്നു കോൺഗ്രസിനെതിരെ സിപിഎമ്മിൻറെ ആക്ഷേപം. ഇതിനിടെയാണ് അനിൽ ആൻറണിക്കെതിരായ ആരോപണങ്ങൾ പറയുന്നതിനിടക്ക് ദല്ലാൾ നന്ദകുമാർ ശോഭാസുരേന്ദ്രൻറെയും ഇപി ജയരാജൻറെയു പേര് പറഞ്ഞത്. ആ ചർച്ച വളർന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോൾ പരിക്ക് മുഴുവൻ സിപിഎമ്മിനും ഇപി ജയരാജനുമാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടർന്ന് പാർട്ടിയുമായി ഉടക്കി നിന്ന ജയരാജൻ ഈ സമയത്ത് സമാന്തരമായി ബിജെപി കേന്ദ്രനേതാക്കളുമായി നിരന്തരം ചർച്ചയിലായിരുന്നുവെന്നായിരുന്നു ബിജെപി നേതാക്കളുടെ വെളിപ്പെടുത്തൽ.

ദല്ലാൾ നന്ദകുമാറുമായുള്ള ചങ്ങാത്തത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെര‌‍ഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്താൻ മുൻപും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രകാശ് ജാവദേക്കർ ദല്ലാൾ നന്ദകുമാറിനൊപ്പം മകൻറെ ഫ്ലാറ്റിൽ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *