Your Image Description Your Image Description
Your Image Alt Text

 

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 262 റൺസ് വിജയലക്ഷ്യം, ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്തയ്ക്ക് സുനിൽ നരെയ്ൻ (ത പന്തിൽ 71), ഫിൽ സാൾട്ട് (37 പന്തിൽ 75) എന്നിവരുടെ ഇന്നിംഗ്സാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. നേരത്തെ ഓരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. കൊൽക്കത്ത മിച്ചൽ സ്റ്റാർക്കിന് പകരം ദുഷ്മന്ത ചമീരയെ ടീമിലെത്തിച്ചു. പഞ്ചാബ് ലിയാം ലിവിംഗ്സ്റ്റണ് പകരം ജോണി ബെയർസ്‌റ്റോയെ കൊണ്ടുവന്നു.

തകർപ്പൻ തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ നരെയ്ൻ – സാൾട്ട് സഖ്യം 138 റൺസ് കൂട്ടിചേർന്നു. പവർ പ്ലേയിൽ മാത്രം 76 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നരെയ്നെ രാഹുൽ ചാഹർ പുറത്താക്കി. നാല് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു നരെയ്ൻ്റെ ഇന്നിംഗ്സ്. തുടർന്ന് ക്രീസിലെത്തിയത് വെങ്കടേഷ് അയ്യർ. ഒരറ്റത്ത് നിന്ന് വെങ്കടേഷും ആക്രമണം നടത്തുന്നതിനിടെ സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. 37 പന്തിൽ ആറ് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു സാൾട്ടിൻ്റെ ഇന്നിംഗ്സ്. ആന്ദ്രേ റസ്സൽ (12 പന്തിൽ 24), ശ്രേയസ് അയ്യർ (10 പന്തിൽ 28), വെങ്കടേഷ് (23 പന്തിൽ 39) എന്നിവർ സ്കോറിംഗിന് വേഗം കൂട്ടി. റിങ്കു സിംഗാണ് (5) പുറത്തായ മറ്റൊരു താരം. രമൺദീപ് സിംഗ് (6) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, ദുഷ്മന്ത ചമീര, വരുൺ ചക്രവർത്തി, ഹർഷിത് റാണ.
പഞ്ചാബ് കിംഗ്‌സ്: ജോണി ബെയർ‌സ്റ്റോ, സാം കറൻ (ക്യാപ്റ്റൻ), റിലീ റൂസോ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, അശുതോഷ് ശർമ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ കൊൽക്കത്ത. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ അവർക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും രണ്ട് തോൽവിയും. ഇന്ന് ജയിച്ചാൾ ശ്രേയസ് അയ്യർക്കും സംഘത്തിനും പ്ലേ ഓഫിന് ഒരുപടി കൂടി അടുക്കാം. അതേസമയം, ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫിൽ കയറണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ടീമിന് ജയിക്കണം. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ പഞ്ചാബിന് നാല് പോയിന്റ് മാത്രമാണുള്ളത്. പഞ്ചാബിന് കീഴിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മാത്രമാണുള്ളത്. ഹോം ഗ്രൌണ്ടിൽ കഴിഞ്ഞ നാല് മത്സരങ്ങളിലും പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ശിഖർ ധവാൻ ഇല്ലാത്തതും ടീമിന് കനത്ത തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *