Your Image Description Your Image Description
Your Image Alt Text

 

മൊഹാലി: ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളിൽ ഒരാളാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ. ഓപ്പണറായി കളിക്കുന്ന ഇടങ്കയ്യൻ ടീമിന് തകർപ്പൻ പ്രകടനം നൽകാൻ മിടുക്കനാണ്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ താരം നിലവിൽ 288 റൺസുമായി റൺവേട്ടക്കാരിൽ 12-ാം സ്ഥാനത്തുണ്ട്. 23കാരൻ ഐപിഎല്ലിൽ എമേർജിംഗ് പ്ലെയറാവാനുള്ള സാധ്യത കൂടുതലാണ്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന് താരത്തിന്റെ വളർച്ചയിൽ വലിയ പങ്കുണ്ട്. ഇപ്പോൾ അഭിഷേകിന്റെ ഇന്ത്യൻ ടീം പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയാണ് യുവരാജ്.

അഭിഷേക് ഈ വർഷത്തെ ടി20 ലോകകപ്പ് കളിക്കാൻ മാത്രം പക്വത കൈവരിച്ചിട്ടില്ലെന്നാണ് യുവരാജ് പറയുന്നത്. മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകളിങ്ങനെ… ”ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിസര പ്രദേശങ്ങളിൽ അഭിഷേക് ഉണ്ട്. എന്നാൽ ലോകകപ്പിൽ കളിക്കാൻ മാത്രമുള്ള പാകത അവന് ആയിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിന് പരിചയ സമ്പന്നരായ നിരയെയാണ് ഒരുക്കേണ്ടത്. ശരിയാണ് ചില താരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം അവൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ തയ്യാറായിരിക്കണം. അതിലാണ് അവൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അടുത്ത ആറ് മാസങ്ങൾ അഭിഷേഖിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.” യുവരാജ് പറഞ്ഞു.

അഭിഷേകിന്റെ ഐപിഎൽ പ്രകടനത്തെ കുറിച്ചും യുവരാജ് സംസാരിച്ചു. ”അവന്റെ പ്രകടനം തീർച്ചയായും മികച്ചതാണ്. അസാധ്യമായ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. പക്ഷേ വലിയ സ്‌കോറുകൾ വന്നിട്ടില്ല. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഇതേ സ്‌ട്രൈക്ക് റേറ്റിൽ വലിയ സ്‌കോറുകൾ നേടാൻ സാധിക്കണം. വലിയ ഷോട്ടുകൾ കളിക്കാനുള്ള കരുത്ത് അഭിഷേകിനുണ്ട്. പക്ഷേ സിംഗിൾസ് എടുക്കാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും അഭിഷേക് കൂടുതൽ പഠിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളർമാരെ നന്നായി കളിക്കാനാവുമെന്നുള്ള ആത്മവിശ്വസം അവന് വരണം.”യുവരാജ് പറഞ്ഞു.
ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിൽ നിന്ന് അഭിഷേകിന് പഠിക്കാൻ ഏറെയുണ്ടെന്ന് യുവരാജ് പറയുന്നു, പ്രത്യേകിച്ച് നല്ല തുടക്കങ്ങൾ വലിയ സ്‌കോറുകളാക്കി മാറ്റണമെന്നും യുവരാജ് കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *