Your Image Description Your Image Description

 

ഇടുക്കി: അടിമാലിയിൽ എഴുപത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തിനടുത്ത് നടന്ന കൊലയിൽ പങ്കില്ലെന്നുറപ്പിച്ച് പൊലീസ്. അടിമാലിയിൽ ഫാത്തിമ എന്ന വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അലക്സ്, കവിത എന്നീ രണ്ട് പേർ പിടിയിലായിരുന്നു.

ഇവർ തന്നെയാണോ പത്ത് ദിവസങ്ങൾക്ക് മുമ്പ് കോതമംഗലത്ത് സാറാമ്മയെന്ന വയോധികയെ കൊന്നതെന്നായിരുന്നു പൊലീസിൻറെ സംശയം. രണ്ട് കൊലപാതകങ്ങൾക്കും സമാനതകൾ ഏറെയായിരുന്നു. ഇതാണ് പൊലീസിനെ സംശയിപ്പിച്ചത്.

അടിമാലിയും കോതമംഗലവും തമ്മിൽ അത്ര ദൂരമില്ല. ഇരുകൊലപാതകങ്ങളും നടന്ന സ്ഥലങ്ങൾ തമ്മിൽ കണക്കാക്കിയാൽ നാൽപത് കിലോമീറ്റർ വ്യത്യാസമേ വരൂ. പത്ത് ദിവസത്തെ ഇടവേളയിലാണ് രണ്ട് കൊലപാതകവും. കൊല്ലപ്പെട്ടത് വയോധികർ, വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പട്ടാപ്പകലാണ് കഴുത്തറുത്ത് കൊല.

കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ രണ്ടിടത്തും പൊടികൾ വിതറിയിരുന്നു. സാറാമ്മയുടെ വീട്ടിൽ മഞ്ഞൾപ്പൊടിയും ഫാത്തിമയുടെ വീട്ടിൽ മുളക് പൊടിയുമാണ് വിതറിയിരുന്നത്. ഈ സമാനതകളൊക്കെയാണ് കൃത്യം നടത്തിയത് ഒരേ സംഘമാണോയെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്.
എന്നാൽ പ്രതികളായ അലക്സും കവിതയും സാറാമ്മ മരിക്കുന്ന ദിവസം കോതമംഗലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിക്കുന്നത്. മൊബൈൽ ടവർ ലൊക്കേഷനും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതോടെയാണ് സാറാമ്മയുടെ കേസിൽ ഇവർക്ക് പങ്കില്ലെന്ന ധാരണയിലെത്തുന്നത്. അപ്പോഴും സാറാമ്മയുടെ കേസ് ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഇരുകേസുകൾക്കും തമ്മിൽ വേറെന്തെങ്കിലും തരത്തിൽ ബന്ധപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതായി വരും. നിലവിൽ അലക്സും കവിതയും റിമാൻഡിലാണ്. സാറാമ്മയുടെ കേസിൽ കുറ്റം നേരത്തെ തന്നെ പ്രതികൾ നിഷേധിച്ചിരുന്നു.

പട്ടാപ്പകൽ വീട്ടിൽ കയറി കൊലപാതകം എന്നത് അടിമാലി, കോതമംഗലം ഭാഗങ്ങളിൽ ആളുകളിലും ഭീതി നിറച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കുന്ന സാഹചര്യമുണ്ടാകരുത് എന്നാണ് ഏവരും ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *