Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന നിർദിഷ്ട നിലമ്പൂർ നഞ്ചൻഗുഡ് റെയിൽവേ പാതയുടെ സർവ്വേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം. ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ നിർദേശം നൽകിയത്.

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽചെയ്യാൻ കേന്ദ്ര സർക്കാരിനോടും കേരള, കർണാടക സർക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോൾ ദേശീയപാത 766 കടന്നുപോകുന്ന അതേ വഴിയിലൂടെ റെയിൽവേ പുതിയ പാതയ്ക്കുള്ള സർവ്വേ നടത്തുന്നതായി അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽവേ പാതയുടെ സർവേയാണ് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നാണ് ഈ സർവ്വേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്. ബന്ദിപ്പൂരിലെ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശിയ പാതയ്ക്ക് ബദലായി കുട്ട-മലപ്പുറം സാമ്പത്തിക ഇടനാഴിയെന്ന നിർദേശം മുന്നോട്ടുവെക്കാൻ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു.

ഈ പാത നിലവിൽവരുന്നതോടെ ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ലെ സ്‌ട്രെച്ച് പൂർണ്ണമായും അടയ്ക്കാമെന്ന നിർദേശം കേന്ദ്രം സുപ്രീം കോടതിക്കുമുന്നിൽ വെക്കുമെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ അഭിഭാഷകർ ഇതേക്കുറിച്ച് കോടതിയിൽ ഒരുനിലപാടും വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയും വിവിധ കക്ഷികൾക്കുവേണ്ടി അഭിഭാഷകരായ പി.എസ് സുധീർ, എ. കാർത്തിക് എന്നിവരും ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *