Your Image Description Your Image Description
Your Image Alt Text

 

പാലക്കാട്: വനത്തിനുള്ളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ 3400 ലിറ്റ‍ര്‍ വാഷ് പിടികൂടി. അഗളി എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ കുളപ്പടി ഉൾവനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ വാഷ് പിന്നീട് നശിപ്പിച്ചു. വനത്തിനുള്ളിൽ ചാരായം വാറ്റുകയായിരുന്ന സംഘത്തിന്റെ പദ്ധതിയാണ് സമയോചിത ഇടപെടലിലൂടെ അഗളി എക്സൈസ് സംഘം തക‍ര്‍ത്തത്. സംഭവത്തിൽ എത്ര പേര്‍ അറസ്റ്റിലായെന്ന് എക്സൈസ് സംഘം വ്യക്തമാക്കിയിട്ടില്ല.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ വിൽപ്പന നിര്‍ത്തിവെക്കുന്ന സാഹചര്യത്തിൽ വ്യാജ മദ്യം കഴിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ഇതിലൂടെ എക്സൈസ് സംഘത്തിന് സാധിച്ചു. കുളപ്പടി ഉൾവനത്തിലൂടെ 10 കിലോമീറ്റർ നടന്ന് മലകൾ താണ്ടിയാണ് എക്സൈസ് സംഘം ഈ കള്ള വാറ്റ് മേഖല തകർത്തത്. എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി പ്രഭ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ആർ പ്രത്യൂഷ്, പ്രമോദ്, സിവിൽ എക്സെസ് ഓഫീസർമാരായ പ്രദീപ് ,ലക്ഷ്മണൻ ,ഭോജൻ’ ഡ്രൈവർ അനൂപ് എന്നിവർ പങ്കെടുത്തു.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്സൈസ് റേഞ്ച് നാളിതുവരെ 5400 ലിറ്റർ വാഷ്, 90 ലിറ്റർ ചാരായം, 50 ലിറ്റർ വിദേശമദ്യം, ഒരു കിലോ കഞ്ചാവ്, ഒരു കഞ്ചാവ് ചെടി എന്നിവ കണ്ടെടുത്തുവെന്നും വിവിധ കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥ‍ര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *