Your Image Description Your Image Description

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഭോപ്പാലിലെ ഔദ്യോഗികവസതി ഒഴിഞ്ഞു. ന്യൂ മാര്‍ക്കറ്റ് പ്രദേശത്തെ ബി-8, 74 ബംഗ്ലാവാണ് ചൗഹാന്റെ പുതിയ വാസസ്ഥലം. കുടുംബത്തോടൊപ്പമാണ് അദ്ദേഹം പുതിയ വസതിയിലേക്ക് മാറിയത്. സുരക്ഷാജീവനക്കാരും മറ്റ് ജീവനക്കാരും ചൗഹാന് യാത്രയയപ്പ് നല്‍കി.

“മുഖ്യമന്ത്രിയുടെ വസതിയിലുള്ള ഓഫീസിലിരുന്ന് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുജനക്ഷേമ നടപടികള്‍ക്കുമുള്ള തീരുമാനമെടുക്കാന്‍ സാധിച്ചു. ഇന്ന്, ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ഈ പടിയിറങ്ങുന്നത്. പുരോഗതിയുടേയും പൊതുജനക്ഷേമത്തിന്റേയും ചരിത്രമാണ് കഴിഞ്ഞ 18 വര്‍ഷം കുറിക്കപ്പെട്ടത്. ഒട്ടനവധി സ്മരണകളുമായാണ് ഞാന്‍ ഇവിടെനിന്ന് ഇറങ്ങുന്നത്‌”, ചൗഹാന്‍ പറഞ്ഞു.

പുതിയ മുഖ്യമന്ത്രി മോഹന്‍ യാദവിനേയും മന്ത്രിമാരേയും ചൗഹാന്‍ അഭിനന്ദിച്ചു. മധ്യപ്രദേശിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ പുതിയ മന്ത്രിസഭയ്ക്ക് സാധിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്‌നേഹാലിംഗനങ്ങള്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. “മധ്യപ്രദേശിലെ ജനത എന്റെ കുടുംബമാണ്, ജനങ്ങളെ ഞാന്‍ തുടര്‍ന്നും സേവിക്കും”, ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനായും എം.എല്‍.എയായും ജനങ്ങള്‍ക്ക് വേണ്ടി തന്റെ ചുമതലകള്‍ നിറവേറ്റുമെന്നും ചൗഹാന്‍ പറഞ്ഞു.

ആഹ്‌ളാദത്തോടെയാണ് തങ്ങളെല്ലാവരും ബംഗ്ലാവ് വിടുന്നതെന്നും ഒരുപാട് ഓര്‍മകള്‍ ബംഗ്ലാവുമായി ബന്ധപ്പെട്ടുണ്ടെന്നും ചൗഹാന്റെ ഭാര്യ സാധ്‌ന സിങ് ചൗഹാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *