Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും സഹായി സാമുവൽ ജെറോമും സനയിൽ എത്തി. രാത്രി സനയിലെ ഹോട്ടലിൽ തങ്ങുന്ന ഇരുവരും നാളെ ജയിൽ എത്തി നിമിഷ പ്രിയയെ കാണാനുള്ള ശ്രമത്തിലാണ്.

നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു. നിമിഷ പ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം.

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചിരുന്നു. യെമനിലെത്തിയ ശേഷം കരമാർഗമാണ് സനയിലെത്തിയത്. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.

Leave a Reply

Your email address will not be published. Required fields are marked *