Your Image Description Your Image Description
Your Image Alt Text

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 2024 മാര്‍ച്ചിലെ കയറ്റുമതി ഉള്‍പ്പെടെയാണ് ഈ നേട്ടം. മഹീന്ദ്ര ട്രാക്ടേഴ്‌സിന്റെ ആഗോള ഉല്‍പ്പാദന കേന്ദ്രമായ സഹീറാബാദ് ഫെസിലിറ്റിയില്‍ നിന്ന് മഹീന്ദ്ര യുവോ ടെക് പ്ലസിലൂടെയാണ് കമ്പനി സുപ്രധാന നേട്ടം കൈവരിച്ചത്.

യുഎസിലെ ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ 1963ല്‍ ആദ്യ ട്രാക്ടര്‍ പുറത്തിറക്കിയ മഹീന്ദ്ര ട്രാക്ടേഴ്‌സ് 2004ല്‍ പത്ത് ലക്ഷം യൂണിറ്റ് ഉത്പാദന നേട്ടം കൈവരിച്ചു. 2009ല്‍ വോള്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാം ട്രാക്ടര്‍ നിര്‍മാതാവ് എന്ന പദവി സ്വന്തമാക്കി. 2013ല്‍ 20 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന നാഴികക്കല്ലിലെത്തിയ കമ്പനി, 2019ല്‍ മൂന്ന് മില്യണ്‍ നേട്ടത്തിലെത്തി. വെറും 5 വര്‍ഷത്തിനിടെ 40 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടാനും കമ്പനിക്ക് സാധിച്ചു.

2024 സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി നേടിയത്. 60 വര്‍ഷത്തിനിടെ 390ലധികം ട്രാക്ടര്‍ മോഡലുകള്‍ മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളം 1200ലധികം ഡീലര്‍ പാര്‍ട്ണര്‍മാരുടെ ശക്തമായ ശൃംഖലയും മഹീന്ദ്ര ട്രാക്ടേഴ്‌സിനുണ്ട്. സുപ്രധാന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്ന പുതിയ ഡിജിറ്റല്‍ ക്യാമ്പയിന്‍ കമ്പനി പുറത്തിറക്കി.

40 ലക്ഷം വില്‍പന നേട്ടത്തില്‍ അഭിമാനമുണ്ടെന്നും, എല്ലാ ദിവസവും ഞങ്ങളെ പ്രചോദിപ്പിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും പങ്കാളികള്‍ക്കും ടീമുകള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഫാം എക്യുപ്‌മെന്റ് സെക്ടര്‍ പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു.

40 ലക്ഷം ട്രാക്ടര്‍ വില്‍പന ഞങ്ങളുടെ ബ്രാന്‍ഡ് ലക്ഷ്യത്തിലും ഇന്ത്യന്‍ കൃഷിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലും, ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസത്തിന്റെ ശക്തമായ തെളിവാണെന്ന് മഹീന്ദ്ര ട്രാക്ടേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിക്രം വാഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *