Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ 28 പപന്തിൽ 38 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു താരം. മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തിൽ 104 റൺസ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

ഇതിനിടെയാണ് സഞ്ജു സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു. 128 ഇന്നിംഗ്‌സിൽ നിന്നാണ് സഞ്ജുവിന്റെ നേട്ടം. യഥാർത്ഥത്തിൽ രാജസ്ഥാന് വേണ്ടി 3000 റൺസ് ക്ലബിലെത്തുന്ന ആദ്യ താരവും സഞ്ജുവാണ്. 79 ഇന്നിംഗ്‌സിൽ 2981 റൺസ് നേടിയ ജോസ് ബട്‌ലറാണ് രണ്ടാം സ്ഥാനത്ത്. 100 ഇന്നിംഗ്‌സിൽ 2810 റൺസുള്ള മുൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ മൂന്നാമതാണ്. ഷെയ്ൻ വാട്‌സൺ (78 ഇന്നിംഗ്‌സിൽ 2371), യശസ്വി ജയ്‌സ്വാൾ (45 ഇന്നിംഗ്‌സിൽ 1367) എന്നിവരാണ് പിന്നിലുള്ളത്.

2013ലാണ് സഞ്ജു രാജസ്ഥാനിലെത്തുന്നത്. ഇതിനിടെ ടീമിന് വിലക്കേർപ്പെടുത്തിയപ്പോൾ 2016, 2017 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടിയും സഞ്ജു കളിച്ചു. 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. 2022ൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോൽക്കുകയായിരുന്നു ടീം.

ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫിന് അരികിലെത്തി. 35 റൺസെടുത്ത ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളിൽ 14 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ തോൽവിയോടെ മുംബൈ ഇന്ത്യൻസ് എട്ട് കളികളിൽ ആറ് പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 179-9, രാജസ്ഥാൻ റോയൽസ് 18.4 ഓവറിൽ 183-1.

 

Leave a Reply

Your email address will not be published. Required fields are marked *