Your Image Description Your Image Description
Your Image Alt Text

 

ഇടുക്കി: അവധിക്കാലത്ത് തിരക്ക് വർധിച്ചതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ആദ്യ ഘട്ടത്തിൽ മൂന്നാർ, ചിന്നക്കനാൽ, മാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്.

മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 102 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അജി. എസ്, എഫ്.എസ്.ഒമാരായ ജോസഫ് കുര്യാക്കോസ്, സ്‌നേഹ വിജയൻ, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താൻ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന വയനാട്, വാഗമൺ, അതിരപ്പിള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും. ഭക്ഷ്യ വിതരണം നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസോടെ മാത്രമേ പ്രവർത്തിക്കാവൂ. കൂടാതെ സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *