Your Image Description Your Image Description
Your Image Alt Text

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരിലെ മുക്കിലും മൂലയിലുമെത്തി വോട്ടഭ്യർത്ഥിക്കുകയാണ് കെ.സുധാകരൻ. 2019 ൽ താൻ തൊണ്ണൂറായിരത്തിലേറെവോട്ടുകൾക്ക് പിടിച്ചെടുത്ത കണ്ണൂർ എങ്ങനെയെങ്കിലും നില നിർത്തുകയെന്നത് സുധാകരന് മാത്രമല്ല കോൺഗ്രസിനും ജീവൻ മരണ പോരാട്ടമാണ്.

എതിർ സ്ഥാനാർത്ഥികളായ ഇടതുമുന്നണിയിലെ എം.വി ജയരാജനും ബിജെപിയിലെ സി.രഘുനാഥും കട്ടയ്ക്ക് നിന്നതോടെ സുധാകരൻ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് . സുധാകരൻ സ്ഥാനാർത്ഥിയായതോടെ പാർട്ടിയിൽ എതിർ പാളയത്തിൽ നിന്നിരുന്ന നേതാക്കൾ പോലും കളത്തിലിറങ്ങിയതാണ് കോൺഗ്രസിനുള്ള ആശ്വാസം.

പാർട്ടിയിൽ കെ. സുധാകരന്റെ കടുത്ത വിമർശകരിൽ ഒരാളായ മമ്പറം ദിവാകരനെ പ്രചാരണത്തിന് ഇറക്കി . പിണറായി ടൗണിൽ നടന്ന സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകിയതും മമ്പറം ദിവാകാരനാണ്.

സീറ്റു നിഷേധിക്കപ്പെട്ടതിനു ശേഷം സുധാകരനുമായി കൊമ്പുകോർത്ത ഡോ.ഷമാ മുഹമ്മദും ഏറ്റവും ഒടുവിൽ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഷമ കണ്ണൂരിലെത്തിയത്.

ഷമാ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്ന് സുധാകരൻ നേരത്തെ തള്ളി പറഞ്ഞിരുന്നു. വടകരയിലോ കണ്ണൂരിലോ വനിതാ സ്ഥാനാർത്ഥികൾക്ക് അവസരം നൽകിയില്ലെന്ന് കെപിസിസി നേതൃത്വത്തിനെതിരെ ഷമാ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.

എന്നാൽ താൻ എ.ഐ.സി.സി വക്താവാണെന്ന് തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ഷമാ പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഷമ വീണ്ടും പാർട്ടി വേദിയിൽ സജീവമായത് .

അഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിൽ മുഴുനീളെ പങ്കെടുത്തു തീപ്പൊരി പ്രസംഗം നടത്തുകയാണ് ഷമ . വിഘടിച്ചു നിന്ന നേതാക്കൾ സുധാകരനൊപ്പം രംഗത്തിറങ്ങിയത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *