Your Image Description Your Image Description
Your Image Alt Text

 

ചൂടിനെ കുറിച്ച് ഓർക്കാത്ത, ചൂടിനെ കുറിച്ച് പറയാത്ത ഒരു മണിക്കൂറ് പോലും ഇപ്പോൾ കടന്ന് പോകുന്നില്ലെന്ന് പറയാം. പുറത്തിറങ്ങാൻ ആലോചിക്കുമ്പോഴേ ‘ഹോ.. എന്തൊരു ചൂട്…’ എന്നാകും ആദ്യം പറയുക. അതെ, ഭൂമിയിൽ ചൂട് കൂടുകയാണ്. ഭൂമിയിൽ 1.5 ഡിഗ്രി സെൽഷ്യൽ ചൂട് വർദ്ധിക്കുമെന്നാണ് കാലാസ്ഥാ ശാസ്ത്രജ്ഞരുടെ കണക്ക് കൂട്ടൽ. എന്നാൽ മനുഷ്യന് സാധാരണയിൽ നിന്നും അതിൽ കൂടുതൽ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുത്ത്. ഇങ്ങനെ ചൂട് കൂടിയാൽ ഭൂമിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകവും.

ചൂടാണെങ്കിൽ കൊടും ചൂട്, മഴയാണെങ്കിലും പേമാരി… ഇങ്ങനെ പ്രവചനാതീതമായ കാലാവസ്ഥയിലൂടെയാണ് നമ്മളോരോരുത്തരും കടന്ന് പോകുന്നത്. അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ പല കാരണങ്ങളാൽ ഭൂമി മാലിന്യക്കൂമ്പാരമായി മാറുന്ന കാഴ്ചയാണ് ഓരോ ദിവസവും നമ്മൾ കാണുന്നത്. കരയും കടലും കടന്ന് മാലിന്യം മഴയിൽ പോലും കണ്ടെത്തി. ഭൂമിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഗവേഷകർ ശേഖരിച്ച മഴ വെള്ളത്തിൽ പ്ലാസ്റ്റിക്കിൻറെ നാനോ കണങ്ങൾ കണ്ടെത്തിയെന്ന വാർത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. അതെ, മഴവെള്ളം പോലും മലിനമായിരിക്കുന്നു. ഇത്തരമൊരു വർത്തമാനകാല സാഹചര്യത്തിലൂടെ കടന്ന പോകുമ്പോൾ മറ്റൊരു ഭൗമദിനം കൂടി കടന്നു വരികയാണ്. ഇത്തവണത്തെ ലോക ഭൌമദിന സന്ദേശം പ്ലാനറ്റ് വേർസസ് പ്ലാസ്റ്റിക് (Planet vs. Plastic) എന്നതാണ്. കരയും കടലും കടന്ന് മഴ വെള്ളത്തെ പോലും മലിനമാക്കുന്ന പ്ലാസ്റ്റികിനെതിരെയുള്ള പടയൊരുക്കത്തിൻറെ സമയം അതിക്രമിച്ചെന്ന് ശാസ്ത്രജ്ഞരും പറയുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 38 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ് മനുഷ്യർ ഉത്പാദിപ്പിച്ചത്. 20 -ാം നൂറ്റാണ്ടിൽ മനുഷ്യൻ ഉത്പാദിപ്പിച്ച മൊത്തം പ്ലാസ്റ്റിക്കിനെക്കാൾ വരുമിത്. 2024 ൽ ആഗോളതലത്തിൽ 22 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതിൽ പതിനഞ്ച് കോടി ടൺ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിലൂടെ സംസ്ക്കരിച്ചാലും 7 കോടി ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കപ്പെടാതെ പരിസ്ഥിതിക്ക് നാശം വിതച്ച് അവശേഷിക്കും. ഇത് ഭൂമിയിലെയും കടലിലെയും ജീവജാലങ്ങൾക്ക് വലിയ ദുരതമാണ് വിതയ്ക്കുക. മനുഷ്യൻറെ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം ഭൂമിക്ക് ചരമഗീതം കുറിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ഭൗമദിനത്തിൻറെ ലക്ഷ്യങ്ങളിലൊന്ന്.

1970 ഏപ്രിൽ 22 മുതൽ അമേരിക്കയിലാണ് ‘ഭൂമിക്കായി ഒരു ദിനം’ ആചരിച്ച് തുടങ്ങിയത്. അമേരിക്കയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും അമേരിക്കൻ സെനറ്ററുമായിരുന്ന ഗെയിലോഡ് നെൽസണാണ് ആദ്യമായി ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കയിൽ ഉത്തരാർദ്ധ ഗോളത്തിൽ വസന്തകാലവും, ദക്ഷിണാർദ്ധ ഗോളത്തിൽ ശരത്കാലവും തുടങ്ങുന്ന ദിവസമാണ് ഏപ്രിൽ 22. ഈ പ്രത്യേക ദിനമാണ് ഇന്ന് ലോകമെങ്ങും ഭൌമദിനമായി ആചരിക്കുന്നത്. നല്ലൊരു നാളെയ്ക്കായ്, നല്ലൊരു ഭൂമിക്കായ് നമുക്ക് കാവലാകാം. നമ്മുക്ക് പുറകെ വരുന്ന തലമുറയ്ക്കായി ഈ ഭൂമിയെ കാത്ത് വയ്ക്കേണ്ടത് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ കർത്തവ്യമാണെന്ന ബോധ്യത്തോടെ നാളേയ്ക്ക് വേണ്ടി കരുതലോടെ നീങ്ങാം.

 

Leave a Reply

Your email address will not be published. Required fields are marked *