Your Image Description Your Image Description
Your Image Alt Text

 

മലപ്പുറം: കൊടി വിവാദത്തിൽ മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി മലപ്പുറം വണ്ടൂരിൽ എൽഡിഎഫ് പ്രകടനം. പച്ചക്കൊടികളുമേന്തിയാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. ലീഗിന് കൊടിയുയർത്താൻ വേണ്ട സംരക്ഷണം ഇടതു മുന്നണി ഒരുക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം.

വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ ലീഗ് പതാകയുയർത്തിയതിനെച്ചൊല്ലി എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തിയിരുന്നു. സംഭവത്തിൽ എംഎസ്എഫോ ലീഗോ പ്രതിഷേധവുമായി എത്തിയില്ലെങ്കിലും എൽഡിഎഫ് പ്രവർത്തകർ തെരുവിലിറങ്ങി. ഐഎൻഎല്ലിൻറെ കൊടികളുമേന്തിയായിരുന്നു വണ്ടൂരിലെ പ്രകടനം. കോൺഗ്രസിനെ രൂക്ഷഭാഷയിൽ വിമർശിച്ചായിരുന്നു മുദ്രാവാക്യം. ലീഗിൻറെ കൊടിയുയർത്താനുള്ള അവകാശത്തിനു വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും നേതാക്കൾ പ്രഖ്യാപിച്ചു. അതേസമയം, മുസ്ലീം ലീഗുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധമുയർത്തിക്കാട്ടിയാണ് ഇടതു മുന്നണിയുടെ ലീഗ് സ്നേഹത്തിന് കോൺഗ്രസ് മറുപടി പറയുന്നത്. എന്നാൽ വണ്ടൂരിലെ സംഭവങ്ങളിൽ പ്രതികരിക്കാൻ ഇതുവരെ മുസ്ലീം ലീഗ് തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.

യുഡിഎസ്എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മറ്റി മലപ്പുറം വണ്ടൂരിൽ സംഘടിപ്പിച്ച കോൺക്ലേവിലാണ് കെഎസ് യു – എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. കോൺക്ലേവിന് ശേഷം നടന്ന സംഗീത നിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലീം ലീഗ് കൊടി വീശി നൃത്തം ചെയ്തിരുന്നു. പാർട്ടി പതാകകൾ പ്രചാരണത്തിന് ഉപയോഗിക്കേണ്ടെന്ന മുൻധാരണ ലംഘിച്ചെന്ന് പറ‍ഞ്ഞ് കെഎസ് യു പ്രവർത്തകർ എംഎസ്എഫ് പ്രവർത്തകരെ ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. പിന്നാലെ സംഘർഷവും ഉടലെടുത്തു. മുതിർന്ന യുഡിഎഫ് നേതാക്കളിടപെട്ടാണ് തർക്കം പരിഹരിച്ചത്. ബിജെപിയെ ഭയന്ന് വയനാട്ടിൽ മുസ്ലീം ലീഗ് പതാകയുയർത്താൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന് ആവർത്തിച്ചാരോപിക്കുന്ന ഇടതു മുന്നണി സംഭവം കോൺഗ്രസ് നേതൃത്വത്തിനെതിരായ ആയുധമാക്കി മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *