Your Image Description Your Image Description
Your Image Alt Text

 

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ ഒൻപത് മാസം പ്രായമുള്ള പെൺകുട്ടി ആശുപത്രി വിട്ടു. പിഞ്ചുകുഞ്ഞിന്റെ അമ്മ ആഷ്‍ലി ഗുഡ്, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 13ന് നടന്ന ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. സിഡ്നിയിലെ ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായതിന് ശേഷമാണ് പെൺകുട്ടി ആശുപത്രി വിട്ടത്.

നെഞ്ചിലും കയ്യിലുമാണ് കുട്ടിക്ക് കുത്തേറ്റത്. വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷനിലെ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് പേരും സ്ത്രീകളാണ്. ജോയൽ കൌച്ചി എന്ന 40കാരനാണ് ആൾക്കൂട്ടത്തെ ഭീതിയിലാക്കി കത്തിയാക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവം ഓസ്ട്രേലിയയെ പിടിച്ച് കുലുക്കിയിരുന്നു.

ആഷ്‍ലി ഗുഡിന്റെ മകൾ ആശുപത്രി വിട്ടതിന് മണിക്കൂറുകൾക്ക് ശേഷം ആയിരങ്ങളാണ് ആക്രമണം നടന്ന സ്ഥലത്ത് ഒത്തുകൂടി കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി സമർപ്പിച്ചത്. ഒരു സ്ത്രീയും ഭയന്ന് ജീവിക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അക്രമിയെ വെടിവച്ച് വീഴ്ത്തിയ ഉദ്യോഗസ്ഥയെ നേരത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

ഏപ്രിൽ 13ന് പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെയാണ് ആയുധവുമായി ആക്രമി മാളിൽ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് ആക്രമിയെ വെടിവച്ചത്. സംഭവം അപലപിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *