Your Image Description Your Image Description
Your Image Alt Text

 

ബെംഗലൂരു: ഇന്ത്യൻ ജേഴ്സിയിൽ വീണ്ടും കളിക്കാനുള്ള തൻറെ സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്ന് റോയൽ ചലഞ്ചേഴ്സ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് തയ്യാറാണെന്നും ടീമിൽ ഇടം പിടിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ദിനേശ് കാർത്തിക് പറഞ്ഞു. അമേരിക്കയിലും വെസ്റ്റീൻഡീസിലുമായി ജൂൺ മാസം തുടങ്ങുന്ന ടി20 ലോകകകപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. ടീം തെരഞ്ഞെടുപ്പ് ചർച്ചകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെൻറ്. ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം ടീം തെരഞ്ഞെടുപ്പിൽ നിർണായകമാകും. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടാനുള്ള ആഗ്രഹം ദിനേശ് കാർത്തിക് തുറന്നുപറഞ്ഞത്. ജീവിതത്തിലെ ഈ ഘട്ടത്തിൽ വരുന്ന ടി20 ലോകകപ്പിൽ കളിക്കാനാവുക എന്നത് തൻറെ സ്വപ്നമാണെന്നും കാർത്തിക് പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുന്നതിനേക്കാൾ വലുതായി ജീവിതത്തിൽ മറ്റൊന്നും നേടാനില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും കാർത്തിക് പറഞ്ഞു. എന്നാൽ വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ കോച്ച് രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ രോഹിത് ശർമക്കും മുഖ്യ സെലക്ടർ അജിത് അഗാർക്കർക്കും ഉറച്ച തീരുമാനമുണ്ടെന്നും അവരുടെ നിലപാട് എന്തായാലും അതിനെ പിന്തുണക്കുമെന്നും കാർത്തിക് വ്യക്തമാക്കി. എനിക്ക് അവരോട് പറയാനുള്ളത് ഇത് മാത്രമാണ്. ഞാൻ 100 ശതമാനം തയാറായി ഇരിക്കും. ലോകകപ്പ് ടീമിൽ ഇടം നേടാനായി എൻറെ കഴിവിൻറെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യും-കാർത്തിക് വ്യക്തമാക്കി.

തൻറെ അവസാന ഐപിഎൽ കളിക്കുന്ന ദിനേശ് കാർത്തിക് ഈ സീസണിൽ മിന്നും ഫോമിലാണ്.കഴിഞ്ഞ മത്സരത്തിൽ ഹൈദരബാദിനെതിരെ 288 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിക്കായി കാർത്തിക് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 35 പന്തിൽ 83 റൺസെടുത്ത് ആർസിബിയെ ജയത്തിനരികെ എത്തിക്കാൻ 38കാരനായ കാർത്തിക്കിനായി. ഈ സീസണിൽ കളിച്ച ആറ് ഇന്നിംഗ്സുകളിലായി 226 റൺസാണ് കാർത്തിക് ഇതുവരെ അടിച്ചെടുത്തത്.
ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഇന്ത്യൻ ടീം മാനേജ്മെൻറ് ദിനേശ് കാർത്തികിനെ ഫിനിഷറായി ടീമിൽ ഉൾപ്പെടുത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിൽ ഇടം നേടാൻ കാത്തിരിക്കുന്ന സഞ്ജുവും റിഷഭ് പന്തും അടക്കമുള്ള താരങ്ങൾക്ക് അത് വലിയ തിരിച്ചടിയാകും. ഫിനിഷറായാണ് ഇറങ്ങുന്നത് എന്നതും കാർത്തിക്കിന് അനൂകല ഘടകമാണ്. നിലവിൽ സഞ്ജവും റിഷഭ് പന്തും ടോപ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *