Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലിൽ അടിയുടെ പൊടിപൂരം കണ്ട ഡൽഹി ക്യാപിറ്റൽസ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചത് റിഷഭ് പന്തിൻറെ സ്വാർത്ഥതയോടെയുള്ള ഇന്നിംഗ്സെന്ന് വിമർശനം. ആദ്യ 51 പന്തിൽ ഡൽഹി 135 റൺസടിച്ചപ്പോൾ അടുത്ത 64 പന്തിൽ നേടിയത് 64 റൺസ് മാത്രം. 267 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടക്കത്തിലെ ഡേവിഡ് വാർണറെയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും ജേക് ഫ്രേസർ മക്‌ഗുർകും അഭിഷേക് പോറലും തകർത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ നൽകിയിരുന്നു. പവർ പ്ലേയിൽ 88 റൺസിലെത്തിയ ഡൽഹിക്കായി മക്‌ഗുർക് 15 പന്തിൽ അർധസെഞ്ചുറി തികച്ചു.

ഏഴാം ഓവറിലെ അവസാന പന്തിൽ മക്‌ഗുർക് പുറത്താകുമ്പോൾ ഡൽഹി 109 റൺസിലെത്തിയിരുന്നു. മക്ഗുർക് പുറത്തായശേഷം അഭിഷേക് പോറൽ തകർത്തടിച്ചതോടെ ഡൽഹി എട്ടോവർ പിന്നിടുമ്പോൾ 131-3 എന്ന നിലയിലായിരുന്നു. സാധാരണ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന റിഷഭ് പന്ത് ഇന്നതെ ട്രൈസ്റ്റൻ സ്റ്റബ്സിനെയാണ് നാലാം നമ്പറിൽ ബാറ്റിംഗിന് വിട്ടത്. ഒമ്പതാം ഓവറിൽ പോറൽ പുറത്തായശേഷം ആറാം നമ്പറിലാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. മക്‌ഗുർകും പോറലും ഒരുക്കിക്കൊടുത്ത അടിത്തറയിൽ പന്ത് ആടിത്തിമിർക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.

തകർത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച പന്ത് ആദ്യ 20 പന്തിൽ അടിച്ചത് 16 റൺസ് മാത്രം. അടുത്ത 14 പന്തിൽ 24 റൺസ് കൂടി നേടി ആകെ അടിച്ചത് 34 പന്തിൽ 44 റൺസ്. അതിൽ ആകെ അഞ്ച് ബൗണ്ടറിയും ഒരേയൊരു സിക്സും മാത്രം. നീണ്ട ഇടവേളക്കുശേഷം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലിറങ്ങിയ പന്തിന് അടിതെറ്റിയതോടെ വിമർശനവും ശക്തമായി. മത്സരശേഷം 220-230 റൺസായിരുന്നു ലക്ഷ്യമെങ്കിൽ ജയിക്കാൻ നോക്കാമായിരുന്നുവെന്നായിരുന്നു പന്തിൻറെ പ്രതികരണം.

എന്നാൽ മക്‌ഗുർകും പോറലും ഒരുക്കിക്കൊടുത്ത സ്റ്റേ‍ജിൽ തകർത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് കളിച്ച റിഷഭ് പന്താണ് ഡൽഹിയെ തോൽപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്. പന്ത് നേടിയ ബൗണ്ടറികൾ പലതും ഭാഗ്യം കൊണ്ട് കിട്ടിയത് കൂടിയായിരുന്നു. ഇല്ലായിരുന്നെങ്കിൽ പന്തിൻറെ ബാറ്റിംഗ് കൂടുതൽ ദയനീമാകുമായിരുന്നു. അടിച്ചു കളിക്കേണ്ട സമയത്ത് പന്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചതാണ് ഡൽഹി തോറ്റതെന്ന വിമർശനം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനം ലക്ഷ്യമിടുന്ന പന്തിന് തിരിച്ചടിയാണ്. എന്നാൽ മത്സരശേഷം നിരാശനായ പന്തിനെ താങ്കളുടെ തല ഒരിക്കലും കുനിയരുതെന്ന് പറഞ്ഞ് ഗവാസ്കർ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *