Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിൽ എറണാകുളം മാർക്കറ്റിന്റെ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുകയാണെന്ന് മേയർ അനിൽകുമാർ. സമയബന്ധിതമായി മാർക്കറ്റ് നിർമ്മാണം പൂർത്തീകരിക്കും. മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യം അവിടെ തന്നെ സംസ്‌കരിക്കാൻ ഒരു ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റ് സ്ഥാപിക്കുമെന്നും മേയർ അറിയിച്ചു. കൊച്ചി നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് സ്ഥാപിക്കുന്നതും ഈ മാർക്കറ്റിലാണ്. 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സ്ഥലമാണ് ഒരുക്കുന്നതെന്നും മേയർ പറഞ്ഞു.

മേയറുടെ കുറിപ്പ്: സ്മാർട്ട് സിറ്റി പദ്ധതിയിൽ എറണാകുളം മാർക്കറ്റിന്റെ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി മാർക്കറ്റ് നിർമ്മാണം പൂർത്തീകരിക്കും. എറണാകുളം മാർക്കറ്റിന്റെ നിർമ്മാണത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്. പൂർണമായും കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലാണ് മാർക്കറ്റ്. തിരക്കേറിയ തെരുവുകൾക്കിടയിലൂടെയാണ് നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്നത്. ചുറ്റും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തൊട്ടുരുമ്മി നിൽക്കുന്ന നിർമ്മാണ സ്ഥലത്ത് യാതൊരു പ്രതിബന്ധവും ഇല്ലാതെ മാർക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്.

കൊച്ചി നഗരത്തിലെ ഏറ്റവും യോജിച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം നമുക്ക് കൈവരിക്കാൻ സാധിച്ചത്. വ്യാപാര സംഘടനകൾ, ചുമട്ടുതൊഴിലാളികൾ, കൗൺസിലർമാർ തുടങ്ങിയവരുടെ നിർലോഭമായ സഹകരണം മാർക്കറ്റ് നിർമ്മാണത്തിന് കൊച്ചി നഗരസഭയ്ക്കും സി എസ് എം എല്ലിനും ലഭിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഈ പദ്ധതി ഏകോപിതമായി കൊണ്ടുപോകാനുള്ള റിവ്യൂ മീറ്റിംഗ് നടത്താറുണ്ട്. അതിന്റെ കൂടി ഫലമാണ് എറണാകുളം മാർക്കറ്റിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാൻ ഒരു ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റ് സ്ഥാപിക്കും. മണപ്പാട്ടി പറമ്പിലാണ് ഇത്തരമൊരു പ്ലാന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റിൽ നിന്നുള്ള വളമാണ് ഇപ്പോൾ സുഭാഷ് പാർക്കിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത്. ഐസിഎൽ ഇ യുടെ സഹകരണത്തോടെയാണ് മണപ്പാട്ടി പറമ്പിൽ ഇത് സ്ഥാപിച്ചത്. അതേ മാതൃകയിൽ അതേ വലിപ്പത്തിലുള്ള ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റ് ആണ് മാർക്കറ്റിലും സ്ഥാപിക്കുന്നത്. ഇതോടെ മാർക്കറ്റിൽ ഉണ്ടാകുന്ന ഭക്ഷണ അവശിഷ്ടം എന്തു ചെയ്യും എന്ന കാര്യത്തിൽ നമുക്ക് ആശങ്ക വേണ്ട. വളം നഗരസഭയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം.

കൊച്ചി നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് സ്ഥാപിക്കുന്നതും എറണാകുളം മാർക്കറ്റിലാണ്. 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാൻ കഴിയുന്ന 24.65 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പാർക്കിംഗ് സമുച്ചയ നിർമ്മാണത്തിന്റെ എല്ലാ നടപടിക്രമങ്ങളും നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. മാർക്കറ്റിൽ നിന്നും, പാർക്കിംഗ് സമുച്ചയത്തിൽ നിന്നും നഗരസഭയ്ക്ക് അധികമായി വരുമാനം ലഭിക്കും.
24 മണിക്കൂറും മാർക്കറ്റ് ശുചിയായി സൂക്ഷിക്കണം എന്നാണ് തീരുമാനം. 24 മണിക്കൂറും ശുചീകരണത്തിന് സംവിധാനങ്ങൾ ഉണ്ടാകും. അതിനാണ് മാലിന്യ സംസ്‌കരണത്തിനും സ്വന്തമായി ഒരു സംവിധാനം നിർമ്മിച്ചിട്ടുള്ളത്. മാർക്കറ്റ് മൊത്ത വ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും മാത്രമല്ല കൊച്ചി നഗരം കാണാൻ വരുന്നവർക്കും കേരളത്തിലെ ഏറ്റവും നല്ല അത്യാധുനികമായ ഒരു മാർക്കറ്റ് കാണാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. എറണാകുളം മാർക്കറ്റ് നമ്മുടെ അഭിമാനമായി മാറും. എല്ലാ പ്രോജക്ടുകളും സമയബന്ധിതമായി പൂർത്തീകരിക്കാൻ തുടർച്ചയായ ഫോളോ അപ്പാണ് ഈ കൗൺസിൽ നടത്തിയിട്ടുള്ളത്. വൈകാതെ എല്ലാവരെയും എറണാകുളം മാർക്കറ്റിലേക്ക് സ്വാഗതം ചെയ്യാൻ കഴിയും എന്ന ഉറപ്പോടെ.

Leave a Reply

Your email address will not be published. Required fields are marked *