Your Image Description Your Image Description

 

ഇടുക്കി: നെടുങ്കണ്ടത്ത് വീടിൻറെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ
കൊളുത്തുകയായിരുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്. ജപ്തി നടപടിക്കിടെ ഇവർ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സിവിൽ പൊലീസുദ്യോഗസ്ഥർക്കും പൊള്ളലേറ്റു. മൂവരെയും ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന ഷീബയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബിനോയ്ക്കും വനിതാ സിവിൽ പൊലീസ് ഓഫീസർ അമ്പിളിക്കുമാണ് ഷീബയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുള്ളത്. ഇവരും ചികിത്സയിലാണ്. ആശാരിക്കണ്ടത്ത് പതിനഞ്ച് സെൻറ് സ്ഥലവും വീടും ഷീബയും ഭർത്താവ് ദിലീപും 2019ൽ വാങ്ങിയതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നിലനിർത്തിയാണ് ഇത് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടശിക 36 ലക്ഷമായി.

ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായതിനെ തുടർന്ന് അടുത്തിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ജപ്തി മാറ്റിവച്ചിരുന്നു. രണ്ടാമത് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഷീബ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *