Your Image Description Your Image Description
Your Image Alt Text

 

ഇടുക്കി: കരൾ രോഗത്തെ തുടർന്ന് ജീവിതത്തോട് മല്ലിട്ട 11 വയസുകാരിക്ക് കാരുണ്യ കടലൊരുക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. മൂന്നാർ സ്വദേശിയായ സെൽവരാജ് – രാജേശ്വരി ദമ്പതികളുടെ മകൾ റിത്വികയാണ് ആസ്റ്റർ മെഡ്സിറ്റിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ അംഗമായ റിത്വികക്ക് പൂർണമായും സൗജന്യമായിട്ടായിരുന്നു മെഡ്സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

മൂന്നാറിലെ തേയിലെ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അച്ഛൻ സെൽവരാജും അമ്മ രാജശ്രീയും. എട്ടാം വയസിലായിരുന്നു റിത്വികക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങിയത്. നേരത്തെ തന്നെ ഒരു കുട്ടി മരണപ്പെട്ടിരുന്ന കുടുംബത്തെ കൂടുതൽ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു മകളുടെ അസുഖം.

നാട്ടിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പുരോഗതിയില്ലാതെ വന്നതോടെയാണ് ആസ്റ്റർ മെഡ്സിറ്റിയിലെത്തിയത്. ഇവിടുത്തെ ഹെപ്പറ്റോ പാൻക്രിയാറ്റോ ബൈലറി ആൻ്റ് അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻ്റ് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ കരൾ രോഗമാണെന്ന് കണ്ടെത്തി. കരൾ മാറ്റി വെക്കൽ മാത്രമായിരുന്നു ഏക പ്രതിവിധി. പൊന്നോമനക്കായി കരൾ പകുത്തു നൽകാൻ രാജേശ്വരി തയ്യാറായിരുന്നെങ്കിലും സെൽവരാജിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ചികിത്സക്ക് വേണ്ടി വരുന്ന സാമ്പത്തിക ചിലവ്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ആസ്റ്റർ മെഡ്സിറ്റി ചികിത്സ ചിലവ് പൂർണമായും ഏറ്റെടുക്കുകയായിരുന്നു.

എനിക്ക് വായിക്കാനോ എഴുതാനോ ഒന്നും അറിയില്ല. പക്ഷെ റിത്വിക ആസ്റ്റർ മെഡ്സിറ്റിയിൽ ആയിരുന്നപ്പോൾ ഒരു കാര്യവും എന്നെ ബാധിച്ചിരുന്നില്ലെന്നും ഒരു മടിയും കൂടാതെ ആശുപത്രി അധികൃതർ ഞങ്ങളെ സഹായിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്തെന്ന് സെൽവരാജ് പറഞ്ഞു. ആസ്റ്റർ മെഡ്സിറ്റി തന്നെയായിരുന്നു പൂർണമായും ചികിത്സ ചിലവ് വഹിച്ചത്. ഇന്ന് ഞങ്ങളുടെ മകളാണ് ഞങ്ങളുടെ പ്രതീക്ഷ. അതിന് വഴിയൊരുക്കിയത് ആസ്റ്റർ മെഡ്സിറ്റിയാണെന്നും സെൽവരാജ് കൂട്ടിച്ചേർത്തു.

മികച്ച ചികിത്സക്കൊപ്പം നിർധനരായ കുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സാ സൗജന്യം നൽകുന്നതിലൂടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്‌ഠിതമായ തങ്ങളുടെ സേവന സന്നദ്ധത കൂടുതൽ തലങ്ങളിലേക്ക് എത്തിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി ചെയ്യുന്നതെന്ന് ഡോ. മാത്യു ജേക്കബ് പറഞ്ഞു.

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസം പിന്നിടുമ്പോഴേക്കും ആരോഗ്യം വീണ്ടെടുക്കാൻ റിത്വികക്ക് കഴിഞ്ഞു. പഠിച്ച് നല്ല ജോലി നേടണമെന്നും മാതാപിതാക്കളെ നല്ല നിലയിൽ എത്തിക്കണമെന്നുമാണ് ഇപ്പോൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ റിത്വികയുടെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *