Your Image Description Your Image Description
Your Image Alt Text

 

മാനന്തവാടി: ലഹരികടത്തിലെ കണ്ണികള്‍ക്കായുള്ള വയനാട് പോലീസിന്റെ വേട്ട തുടരുന്നു. ജനുവരിയില്‍ അതിമാരക മയക്കുമരുന്നായ 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ ഇവര്‍ക്ക് എം.ഡി.എം.എ നല്‍കിയ രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ അരിമ്പ്ര, തോടേങ്ങല്‍ വീട്ടില്‍ ടി. ഫാസില്‍(28), പെരിമ്പലം, കറുകയില്‍ വീട്ടില്‍ കിഷോര്‍(25) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഉള്ളഹള്ളിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഫാസിലിന് തിരുനെല്ലി സ്റ്റേഷനിലും, കിഷോറിന് മലപ്പുറം സ്റ്റേഷനുകളിലും എന്‍.ഡി.പി.എസ് കേസുകളുണ്ട്. ലഹരികടത്തിലെ കണ്ണികള്‍ക്കായുള്ള വയനാട് പോലീസിന്റെ അന്വേഷണം ഊര്‍ജിതമാണ്. ബംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശി വാവു എന്ന തബ്ഷീറി(28)നെ വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് ഈ മാസം ആറിന് പിടികൂടിയിരുന്നു. 2023 ല്‍ മീനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് തബ്ഷീര്‍ പോലീസിന്റെ വലയിലാകുന്നത്.

ഈ വര്‍ഷം ജനുവരി രണ്ടിന് രാവിലെയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വച്ച് മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ്(28), തിരൂര്‍, പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം(29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വില്‍പ്പനക്കായി കൈവശം വെച്ച 51.64 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ക്ക് നാട്ടില്‍ വില്‍പന നടത്തുന്നതിനായാണ് ബാംഗ്ലൂരില്‍ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന് ഫാസിലും കിഷോറും എം.ഡി.എം.എ. വാങ്ങി കൊടുത്തു വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *