Your Image Description Your Image Description
Your Image Alt Text

 

പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്ക് വാഹനം ഓടിക്കുന്നതിന് എല്ലായിടത്തും വിലക്കുണ്ട്. എന്നാൽ, നിയമലംഘനങ്ങൾക്ക് പിഴ നൽകുന്നവരും കുറവല്ല. കൌമാരക്കാർ വാഹനം ഓടിക്കുന്നതിനിടെ ട്രാഫിക് പോലീസ് പിടികൂടുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നേരത്തെയും വൈറലാണ്. അത്തരം വീഡിയോകൾക്ക് താഴെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ അതിരൂക്ഷമായ രീതിയിൽ തന്നെ പ്രതികരിക്കാറുമുണ്ട്. വീതി കുറഞ്ഞ തിരക്കേറിയ ഇന്ത്യൻ റോഡുകളിലെ കൌമാരക്കാരുടെ അഭ്യാസ പ്രകടനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നത് തന്നെയാണ് ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിലും. എന്നാൽ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒരു മൂന്ന് വയസുകാരൻ വീട്ടിലെ ഫെരാരി ഗ്യാരേജിൽ നിന്നും പാർക്കിംഗ് ലോട്ടിലേക്ക് മാറ്റിയിടുന്നതായിരുന്നു വീഡിയോ.

thetrillionairelife എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘തൻറെ മാതാപിതാക്കളുടെ ഫെരാരി എസ്എഫ് 90 സ്ട്രാഡേലിൽ, ഈ 3 വയസ്സുള്ള കുട്ടി എന്തു ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് കാണിച്ചു തരുന്നു. മിക്ക ആളുകളേക്കാളും നന്നായി അവൻ അത് ഓടിച്ചു! 3 വയസ്സുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?’ എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ കുട്ടി ബ്രേക്കിൽ കാലെത്തിക്കുന്നതിനായി പാട് പെടുന്നതും കാറിൻറെ മുന്നിലും പിന്നിലും കാണുന്നതിനായി പ്രത്യേക മോണിറ്റർ സ്ഥാപിക്കുന്നതെല്ലാം വിശദമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. വീഡിയോയിൽ കുട്ടി വാഹനം ഗ്യാരേജിൽ നിന്നും ഇറക്കി വീടിനോട് ചേർന്ന പോർച്ചിലേക്ക് മാറ്റിയിട്ട് കാറിൽ നിന്നും ചാടി ഇറങ്ങി, ഇതൊക്കെ എന്ത് എന്ന തരത്തിൽ നടന്ന് പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *