Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ഏഴുവർഷത്തിനുശേഷം ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ് പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആശയ രൂപീകരണ ശിൽപ്പശാല തിരുവനന്തപുരത്ത് നടന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവന്മാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകർക്ക് എല്ലാ വർഷവും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും, എസ്.സി.ഇ.ആർ.ടി.യും സഹകരിച്ചു കൊണ്ട് പരിശീലനങ്ങൾ നടന്നുവരുന്നുണ്ട്. എന്നാൽ ഹയർസെക്കൻഡറി അധ്യാപകർക്ക് കഴിഞ്ഞ 6 വർഷമായി ഇത്തരം പരിശീലനങ്ങൾ നൽകുവാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ മുഴുവൻ ഹയർസെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്.

ഒരു വിഷയത്തിൽ 40 പേരുള്ള ബാച്ചുകളിലായി പരിശീലനം നൽകും. ആകെ 28,028 അധ്യാപകർക്ക് 14 ജില്ലകളിലായി പരിശീലനം നൽകും. 2024 മെയ് 20 മുതലാണ് സംസ്ഥാനത്ത് 14 ജില്ലാ കേന്ദ്രങ്ങളിലായി പരിശീലനം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. പരിശീലനത്തിന്റെ ആരംഭത്തിൽ തന്നെ ഹയർസെക്കൻഡറി,വിഎച്ച്എസ്ഇ മേഖലയിലുള്ള പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും പ്രത്യേക പരിശീലനം സംഘടിപ്പിക്കും.

വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ആയിരിക്കും പരിശീലനം കൊടുക്കുക. ദേശീയ, സംസ്ഥാന തലങ്ങളിൽ വിദ്യാഭ്യാസരംഗത്ത് മാറിവരുന്ന പാഠ്യപദ്ധതി, മാറുന്ന കാലത്തെ അധ്യാപന രീതിശാസ്ത്രം, ക്ലാസ് റൂം ടീച്ചിങ്ങിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം, നൂതനമായ മൂല്യനിർണയ സാധ്യതകൾ, കൗമാര വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങൾ, എന്നിവ പരിശീലനത്തിന്റെ ഉള്ളടക്കങ്ങളായി മാറും.

Leave a Reply

Your email address will not be published. Required fields are marked *