Your Image Description Your Image Description
Your Image Alt Text

 

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ ക്യാരി ബാഗിലും തുറന്ന സഞ്ചിയിലും കൊണ്ടുപോയി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍. ആലപ്പുഴയിലെ ഉദ്യോഗസ്ഥർക്ക് പോള്‍ ചെയ്ത ബാലറ്റുകള്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ ബോക്‌സുകള്‍ നല്‍കിയിരുന്നു. ഇതിലാണ് ബാലറ്റ് ശേഖരിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

പോളിംഗ് ഉദ്യോഗസ്ഥരുടെ അനുബന്ധ ഉപകരണങ്ങള്‍ സൂക്ഷിച്ച സഞ്ചിയാണ് ബാലറ്റ് സൂക്ഷിച്ചതായി കാണിച്ച് പ്രചരിപ്പിച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വീഡിയോ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. പോളിംഗ് സംഘത്തോടൊപ്പം വീഡിയോഗ്രാഫര്‍മാരുമുണ്ട്. ഇത് സംബന്ധിച്ച് ബുധനാഴ്ച കളക്ടര്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളും അറിയിച്ചു. വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് വീട്ടില്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പിനാവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. സുഗമവും സുതാര്യവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *