Your Image Description Your Image Description
Your Image Alt Text

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലതുപക്ഷവുമാകുന്ന കോഴിക്കോട് മണ്ഡലം പലപ്പോഴും ഇടതുമുന്നണിയെ ഞെട്ടിപ്പിച്ചിട്ടുണ്ട് . കണ്ണൂരുകാരന്‍ എംകെ രാഘവന്‍ 2009 മുതല്‍ കോഴിക്കോട് ലോക്സഭാ മണ്ഡലം യു ഡി ഫ് പാളയത്തിലെത്തിച്ചത് ഇടതുമുന്നണിയെ അത്ഭുതപ്പെടുത്തിയിരുന്നു.

മണ്ഡല പുനക്രമീകരണത്തില്‍ വയനാട്ടിലെ യുഡിഎഫ് അനുകൂല മണ്ഡലങ്ങള്‍ പോവുകയും ഇടത് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ട് പോലും അട്ടിമറികളാണ് നടക്കുന്നത് . ചുവന്ന് നില്‍ക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കൈപ്പത്തിയ്‌ക്കൊപ്പം നില്‍ക്കുന്ന രീതി ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

2009 മുതല്‍ എംകെ രാഘവന്‍ കോഴിക്കോട്ടുകാരുടെ രാഘവേട്ടനാണ് . കഴിഞ്ഞ തവണ ഹാട്രിക് വിജയം നേടി . ഇപ്പോൾ നാലാം അങ്കത്തിന് ഇറങ്ങിയ രാഘവനെ വീഴ്ത്താന്‍ ഇടതുമുന്നണി കരുത്തനായ സ്ഥാനാര്‍ത്ഥി എളമരം കരീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത് .

ഏത് വിധേനയും കോഴിക്കോട് ചുവപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്‌ഷ്യം . അതിനായിട്ടാണ് രാജ്യസഭ എംപി കൂടിയായ എളമരം കരീമിനെയാണ് ഇറക്കി കളിക്കുന്നത് . ബിജെപി വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത് എംടി രമേശിനെയാണ് .

മണ്ഡലത്തിന്റെ പൊതുസ്വഭാവം നോക്കിയാൽ ഇടത്തോട്ടാണ് ചായ്‌വെങ്കിലും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ശക്തമായ വേരോട്ടമുള്ള മണ്ണാണ്. ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം .

ഇതില്‍ 7ല്‍ ആറിടത്തുനിന്നും നിയമസഭയെ പ്രതിനീധികരിക്കുന്നത് ഇടത് എം.എല്‍.എമാരാണ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രമെടുത്താല്‍ കോണ്‍ഗ്രസ് തന്നെയാണ് കൂടുതല്‍ പ്രാവശ്യവും വിജയക്കൊടി പാറിച്ചിട്ടുള്ളത് .

ജനതാദളും മുസ്ലീം ലീഗുമെല്ലാം മണ്ഡലത്തില്‍ വിജയിച്ചു കയറിയിട്ടുണ്ട്. 1980 ല്‍ ഇമ്പിച്ചി ബാവയിലൂടെ സിപിഎമ്മും മണ്ഡലം പിടിച്ചിട്ടുണ്ട്. കുത്തക ചരിത്രമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ അവസരം നല്‍കാത്ത കോഴിക്കോട് പക്ഷേ എം കെ രാഘവന് ഹാട്രിക് വിജയം നല്‍കി.

2009ല്‍ ഇടത് അനുകൂല മണ്ഡലമായി കോഴിക്കോടിനെ വിലയിരുത്തിയവരെ ഞെട്ടിച്ച് രാഘവന്‍ പടയോട്ടം തുടങ്ങിയത് വെറും 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോഴിക്കോട്ടുകാരനല്ലാത്ത സ്ഥാനാര്‍ഥി എന്ന വിശേഷണത്തോടെ കോഴിക്കോടെത്തിയ രാഘവനെ വീഴ്ത്താന്‍ അന്ന് സിപിഎം ഇറക്കിയത് യുവനേതാവും കോഴിക്കോട്ടുകാരനുമായ പിഎ മുഹമ്മദ് റിയാസിനെയായിരുന്നു .

2014ല്‍ കൈവിട്ടുപോയ സീറ്റ് തിരിച്ചു പിടിക്കാൻ ഇടത് മുന്നണി കളത്തിലിറക്കിയത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെയാണ്. കോഴിക്കോട്ടുകാരനല്ലാത്ത വിജയരാഘവനെ വെച്ച് എം കെ രാഘവനെ നേരിട്ടെങ്കിലും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ എംകെ രാഘവന്‍ ഭൂരിപക്ഷം ഉയര്‍ത്തി വിജയിച്ചു.

2009-ലെ 838 ല്‍ നിന്നും എം.കെ രാഘവന്റെ ലീഡ് 16,883 ആയി ഉയര്‍ന്നു. നിയമസഭയില്‍ ചുവന്നു നില്‍ക്കുന്ന കോഴിക്കോട് സിപിഎം അടുത്ത പടയോട്ടത്തിന് ഒരു എംഎല്‍എ തന്നെ ഇറക്കി. എം.കെ. രാഘവന്റെ ഹാട്രിക് തടയാനായി ജനകീയ എംഎല്‍എ പരിവേഷമുള്ള എ പ്രദീപ് കുമാറിനെയാണ് സിപിഎം കളത്തിലിറക്കിയത്.

എംകെ രാഘവന്റെ മങ്ങലേല്‍ക്കാത്ത വ്യക്തിപ്രഭാവത്തിനൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതിന്റെ ആവേശം കേരളക്കരയാകെ വീശിയപ്പോള്‍ കോഴിക്കോടും ആ ഓളത്തില്‍ നിറഞ്ഞു കവിഞ്ഞു. രാഘവന്റെ ഭൂരിപക്ഷം 85,225 വോട്ട്, ഹാട്രിക് വിജയമെന്ന കോഴിക്കോട് ഇതുവരെ കാണാത്ത നേട്ടം എംകെ രാഘവന്റെ പോക്കറ്റില്‍ വീണു .

അങ്ങനെ പടയോട്ടങ്ങള്‍ ഏറെ കണ്ട സാമൂതിരിയുടെ നാട്ടില്‍ നാലാം അങ്കത്തിന് എംകെ രാഘവന്‍ ഇറങ്ങുമ്പോള്‍ വീഴ്ത്താന്‍ എളമരം കരീം എന്ന തൊഴിലാളി സംഘടനാ നേതാവിന്റെ കരുത്തില്‍ സിപിഎം അങ്കത്തട്ടിലുണ്ട്. മൂന്ന് തവണ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇക്കുറി എല്‍ഡിഎഫ. ഇറങ്ങുന്നത്.

മണ്ഡലം കൈവിട്ടു കളയാതിരിക്കാന്‍ രാഘവനും കോണ്‍ഗ്രസും ശക്തമായ പ്രചാരണത്തിലാണ്. രാഘവനെന്ന പേരിന് കോഴിക്കോടുള്ള മുന്‍ഗണനയാണ് കോണ്‍ഗ്രസിന്റെ മൂലധനം. ഒപ്പം മുസ്ലീം ലീഗിന്റെ ശക്തമായ പിന്തുണയും യുഡിഎഫ് ആത്മവിശ്വാസം വളര്‍ത്തുന്നു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വോട്ടുകള്‍ ഏകീകരിച്ച് വിജയം നേടാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് എംകെ രാഘവന്റെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *