Your Image Description Your Image Description
Your Image Alt Text

 

കൊല്‍ക്കത്ത: ഏപ്രില്‍ 18,19 തീയതികളില്‍ വടക്കന്‍ ബംഗാളിലെ കൂച്ചബിഹാറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം റദ്ദാക്കണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനോട് അഭ്യര്‍ഥിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ നടത്തുന്ന സന്ദർശനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രില്‍ 19-ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുകയാണ്. ഇതിന്റെ തൊട്ടുമുന്‍പായി 48 മണിക്കൂര്‍ നിശ്ശബ്ദ പ്രചാരണ കാലയളവാണ്. ഈ സമയത്ത് നടത്തുന്ന സന്ദര്‍ശനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്മിഷന്റെ നടപടി.

നിശ്ശബ്ദ പ്രചാരണം ആരംഭിച്ചാല്‍ മണ്ഡലത്തിലേതല്ലാത്ത വി.ഐ.പികള്‍, നേതാക്കൾ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ അവിടെ തുടരാന്‍ പാടില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതുകൂടാതെ പോലീസിനും സുരക്ഷാസേനയ്ക്കും അധിക ജോലിഭാരം നല്‍കാതിരിക്കുക എന്നൊരു ലക്ഷ്യംകൂടി ഇതിനുണ്ട്. മണ്ഡലം സന്ദര്‍ശിക്കുന്ന വി.ഐ.പികളുടെ സുരക്ഷാച്ചുമതല കൂടി ഇവര്‍ വഹിക്കുന്നതിനാലാണ് ഇത്.

ഗവര്‍ണര്‍ ആനന്ദബോസ് തിരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടുന്നു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന് ആഴ്ചകള്‍ക്കു ശേഷമാണ് കമ്മിഷന്‍റെ നടപടി.

2019-ല്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി. വിജയിച്ച 18 സീറ്റുകളിലൊന്നാണ് കൂച്ച് ബിഹാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ ഏപ്രില്‍ 19-നാണ് ഇവിടെ പോളിങ്. മുപ്പതുകൊല്ലത്തോളം ഫോര്‍വേഡ് ബ്ലോക്കിന്റെ ശക്തികേന്ദ്രമായിരുന്ന കൂച്ച്ബിഹാര്‍ നിലവില്‍ ബി.ജെ.പിയുടെ കോട്ടയാണ്. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ മേഖലയിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ ആറിടത്തും ബി.ജെ.പിയാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *