Your Image Description Your Image Description
Your Image Alt Text

സിഡ്നി: തിങ്കളാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം ഭീകരാക്രമണമന്ന് പൊലീസ്. പള്ളിയിലുണ്ടായിരുന്ന ബിഷപ്പിനും വൈദികനും വിശ്വാസികൾക്കും നേരെയാണ് തിങ്കളാഴ്ച 16കാരന്റ കത്തിയാക്രമണം നടന്നത്. അസീറിയൻ ക്രൈസ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ചയാണ് കത്തിക്കുത്ത് നടന്നത്. മതപ്രചോദിതമായ മൂലമുള്ള ഭീകരാക്രമണമാണ് സംഭവമെന്നാണ് ഓസ്ട്രേലിയൻ പൊലീസ് നിരീക്ഷിക്കുന്നത്. അക്രമിയായ 16കാരനും സംഭവത്തിൽ പരിക്കേറ്റിരുന്നു. പള്ളിക്കുള്ളിൽ നടന്ന കത്തിയാക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. പള്ളിയുടെ ലൈവ് സ്ട്രീമിംഗിലും ആക്രമണ ദൃശ്യങ്ങൾ വന്നിരുന്നു. ഇത് മേഖലയിൽ ആശങ്ക പടരാനും കാരണമായിരുന്നു. സിഡ്നിക്ക് സമീപമുള്ള വേക്ക്ലിയിലാണ് കത്തിയാക്രമണം നടന്നത്.

ആശയപരമായ തീവ്രസ്വഭാവമുള്ള ആക്രമണമാണ് അസീറിയൻ ഓർത്തഡോക്സ് പള്ളിയിലുണ്ടായതെന്ന് വിശദമാക്കിയ പൊലീസ് പതിനാറുകാരന്റെ കൂടുതൽ വിവരം പുറത്ത് വിട്ടിട്ടില്ല. അതേസമയം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സിഡ്നിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചെറുനഗരത്തിൽ നിരവധി പേരാണ് പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടത്. പരിക്കേറ്റ അക്രമിയ്ക്ക് പള്ളിക്കുള്ളിൽ വച്ച് തന്നെ ചികിത്സ നൽകുന്നതിനിടെ നിരവധി പേരാണ് പ്രതിഷേധവുമായി ഇവിടേക്ക് സംഘടിച്ചെത്തിയത്. ഇവർ പള്ളിക്ക് കാവൽ നിൽക്കുകയായിരുന്ന പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ താടിയെല്ല് കട്ട കൊണ്ടുള്ള ആക്രമണത്തിൽ ഒടിഞ്ഞു. പത്ത് പൊലീസ് കാറുകളാണ് നാട്ടുകാരുടെ ആക്രമണത്തിൽ തകർന്നത്.

ആക്രമണം ശല്യപ്പെടുത്തുന്നതാണെന്ന് വിശദമാക്കിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അടിയന്തര യോഗം വിളിച്ച് ചേർത്തിരുന്നു. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ എന്നും ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്ക് ഇവിടെ ഇടമില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. മാർ മാരി എമ്മാനുവൽ എന്ന ബിഷപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. കൊവിഡ് വാക്സിൻ വിരുദ്ധ നിലപാടുകൊണ്ടും ലോക്ഡൌൺ വിരുദ്ധ നിലപാടുകൾക്കും മഹാമാരിക്കാലത്ത് ബിഷപ്പ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *