Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: പതഞ്ജലി പരസ്യവിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ യോഗാ ഗുരു ബാബാ രാംദേവും സഹായി ആചാര്യ ബാൽ കൃഷ്ണനും സുപ്രീം കോടതിയിൽ ഹാജരായി. കോടതി വൈകാതെ കേസ് പരിഗണിക്കും. കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ നടപടി എടുക്കാത്തതിനും ഉത്തരാഖണ്ഡ് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. കൂടാതെ രാംദേവിന്റെയും ബാലകൃഷ്‌ണയുടെയും രണ്ട് സെറ്റ് മാപ്പപേക്ഷകളും കോടതി തള്ളിയിരുന്നു.

തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ മേഖലകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടും ഇവരാരും പ്രതികരിച്ചില്ല. തുടർന്നാണ് കോടതിയലക്ഷ്യ നടപടിയുമായി കോടതി മുന്നോട്ടു പോയത്.

തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും ബാബാ രാംദേവ് കോടതിയോട് അപേക്ഷിച്ചെങ്കിലും ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നല്‍കേണ്ടതെന്നും, അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണെന്നും കോടതി ചോദിച്ചു. കോടതിയില്‍ ഉറപ്പ് നല്‍കിയിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രസ്താവന നടത്തി. എല്ലാ തലവും ലംഘിച്ചു. കേന്ദ്രം ഇത്രയും കാലം നടപടിയെടുക്കാത്തത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *