Your Image Description Your Image Description
Your Image Alt Text

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പായത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിൽ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പയെടുത്തവർ തിരിച്ച് നൽകി. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സർക്കാരാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്ന് പറഞ്ഞാണ് കരുവന്നൂർ വിവാദത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ സഹകരണ മേഖല തകർക്കുക എന്ന നിലപാടാണ് ബിജെപിക്കുള്ളത്. സംസ്ഥാനത്ത് നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചു പോകുന്നത്. എന്നാൽ ചിലർ വഴി തെറ്റിയ നിലപാട് സ്വീകരിച്ചു. ഒരു വിട്ടുവീഴ്ചയും വകുപ്പും സർക്കാരും നൽകിയില്ല. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അപകീർത്തിപ്പെടുത്തി ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ല. തട്ടിപ്പ് കണ്ടെത്തിയത് സഹകരണ വകുപ്പാണ്. പ്രതികളുടെ സ്വത്തു കണ്ടെത്താൻ നടപടിയും സ്വീകരിച്ചു.

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്നാണ് പ്രധാനമന്ത്രി കാട്ടാക്കടയിൽ പറഞ്ഞത്. എന്ത് പരിഹാസ്യമായ നിലപാടാണ് പ്രധാനമന്ത്രിയുടേതെന്ന് വിമർശിച്ച മുഖ്യമന്ത്രി പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തെരഞ്ഞെടുപ്പിൽ പിന്നാക്കം പോവില്ലെന്നും പറഞ്ഞു. ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപ്പെടാമെന്ന് കരുതുന്നെങ്കിൽ, അത് നടക്കില്ല. ഞങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകും. സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റി ഓഫീസ് ഇൻകം ടാക്സ് ഫയൽ ചെയ്യുന്നില്ലെന്നത് ശുദ്ധ അസംബന്ധമാണ്. ഇഡി, സിബിഐ, ആദായ നികുതി വിഭാഗങ്ങളുടെ പ്രവർത്തനം പ്രത്യേക ഉദ്ദേശത്തോടെയാണ്. ബിജെപി ഇതര കക്ഷികൾക്കെതിരെ എന്ത് ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് ഇവർ. കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിക്കുന്നത്.

സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോൺഗ്രസിന്റെ മോഹമാണ്. രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സിപിഎം. ബിജെപിക്കെതിരെ അതിനിശിതമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം. കേന്ദ്ര ഏജൻസികൾ എന്താണ് കാണിക്കുന്നതെന്ന് കണ്ടു കൊണ്ടിരിക്കുന്നതാണ്. കെകെ ശൈലജ അടക്കം എല്ലാ ഇടത് സ്ഥാനാർത്ഥികൾക്കുമെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. അത് കോൺഗ്രസിന്റെ ശൈലിയാണ്. വർഗീയതയുമായി സന്ധി ചേരാൻ ഒരുതരത്തിലും കോൺഗ്രസ് മടി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടും. ബിജെപി എല്ലാ എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോകും. കോൺഗ്രസ് അടങ്ങുന്ന മുന്നണി കേരള വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. സംഘ പരിവാറിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽഡിഎഫ് വേണോ മൃദു സമീപനം സ്വീകരിക്കുന്ന യുഡിഎഫ് ജയിക്കണോ എന്നതാണ് ചോദ്യം. കേരളത്തെ ലോകത്തിന് മുന്നിൽ ഇകഴ്ത്തിക്കാട്ടാനുള്ള ആസൂത്രിത നീക്കത്തിനെതിരായ ജനവിധിയുണ്ടാകും.

വർഗീയ അജണ്ടയാണ് ബിജെപിയുടെ പത്രികയിൽ കണ്ടത്. 10 വർഷത്തെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് വോട്ട് ചോദിക്കാൻ ബിജെപിക്ക് ധൈര്യമില്ല. കർഷകരുടെ കടാശ്വാസം എഴുതി തള്ളുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറഞ്ഞതല്ലേ, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. 2019 ൽ ഓരോ ഇന്ത്യക്കാരനും വീട് നൽകുമെന്ന് പറഞ്ഞിരുന്നല്ലോ, എന്തായെന്ന് പറയേണ്ടേ? 2024 ൽ പ്രകടന പത്രികയിൽ ഇതിലെല്ലാം മൗനമാണ്. കേരളത്തിൽ 4 ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചു. ഇതിലെന്താണ് കേന്ദ്ര പങ്കാളിത്തം? തുച്ഛമായതു കയാണ് കേന്ദ്ര വിഹിതം നൽകുന്നത്. 70 ശതമാനം വീടുകളും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് നിർമ്മിച്ചത്. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേലെ കേന്ദ്ര ബ്രാന്റിംഗ് വേണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

10 വർഷം കൊണ്ട് ആർക്കു നൽകിയ വാഗ്ദാനമാണ് ബിജെപി നടപ്പാക്കിയത്? രാജ്യത്ത് ഗ്യാരണ്ടി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രമാണ്. 10 ലക്ഷം കോടിയുടെ കോർപ്പറേറ്റ് ലോൺ എഴുതിത്തള്ളിയത് കേന്ദ്രസർക്കാരാണ്. ബിജെപി പ്രകടന പത്രികയോടുള്ള ജനകീയ വിചാരണയാവണം ഈ തിരഞ്ഞെടുപ്പ്. പ്രകടന പത്രിയിൽ സ്വീകരിച്ച അതേ വിഭാഗീയ സമീപനമാണ് ബിജെപി കേരളത്തോട് കാണിക്കുന്നത്. കടമെടുപ് പരിധിയിൽ കേരളത്തിന് തിരിച്ചടിയുണ്ടായെന്ന് മോദി പറഞ്ഞു. കടമെടുപ്പ് നിയമസഭയുടെ അധികാരമാണ്. ഇതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്ക ഭരണഘടനാ വിരുദ്ധമാണ്. ഇത് ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയിൽ പോയത്. സംസ്ഥാന നിലപാട് അംഗീകരിച്ച് വിശദമായ വാദത്തിന് അഞ്ചംഗ ബഞ്ച് വേണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിലെവിടെയാണ് തിരിച്ചടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച നിർണ്ണായക കേസായി കേരളത്തിന്റെ കേസ് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കൊടുത്ത കേസ് പിൻവലിച്ചാൽ മാത്രം പണം എന്ന കേന്ദ്ര നിലപാട് തള്ളിയല്ലോ? നമ്മളുയർത്തിയ വാദങ്ങളുടെ പ്രസക്തി വർധിച്ചു. കേരളത്തെക്കുറിച്ചു കടുത്ത ആക്ഷേപം പ്രധാനമന്ത്രി ഉന്നയിക്കുകയാണ്. നീതി ആ യോഗിന്റെ പട്ടികയിൽ കേരളം മുന്നിലാണ്. ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയതല്ല ഇതൊന്നും. ഉത്തർപ്രദേശ് വിവിധ റാങ്കിങ്ങുകളിൽ എത്രാം സ്ഥാനത്താണ്? ഇതൊക്കെ വാരാണസിയിലെ എം പി സ്വയം ചോദിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *