Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു: ഐപിഎൽ 2024 സീസണിലെ ഏറ്റവും നീളമേറിയ സിക്‌സറിൻറെ റെക്കോർഡ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിൻറെ പേരിൽ. സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഡികെ പറത്തിയ 108 മീറ്റർ സിക്‌സാണ് റെക്കോർഡ‍് ബുക്കിൽ ഇടംപിടിച്ചത്. ഇതേ കളിയിൽ 106 മീറ്റർ നീണ്ട സിക്‌സ് പറത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ ഹെൻ‌റിച്ച് ക്ലാസൻറെ റെക്കോർഡാണ് ദിനേശ് കാർത്തിക് തകർത്തത് എന്നതാണ് ശ്രദ്ധേയം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺഫെസ്റ്റ് ആയി മാറിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ ഇരു ടീമും ചേർന്ന് 549 റൺസ് അടിച്ചുകൂട്ടി. 43 ഫോറും 38 സിക്‌സുകളും ആകെ പിറന്നു. ഏറ്റവും കൂടുതൽ സിക്‌സറുകൾ കണ്ട ഐപിഎൽ മത്സരം എന്ന റെക്കോർഡ് പിറന്ന മത്സരത്തിലായിരുന്നു സീസണിലെ ഏറ്റവും വലിയ സിക്‌സിൻറെ റെക്കോർഡ് ഹെൻ‌റിച്ച് ക്ലാസൻ ആദ്യമെഴുതിയതും പിന്നാലെ ദിനേശ് കാർത്തിക് തിരുത്തിയതും. ഡികെയുടെ ബാറ്റിംഗ് കരുത്തിൽ ഐപിഎല്ലിൽ ആദ്യമായി 250 റൺസ് ചേസ് ചെയ്‌ത് സ്കോർ ബോർഡിൽ ചേർത്തതിൻറെ റെക്കോർഡ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി. മത്സരം 25 റൺസിന് സൺറൈസേഴ്‌സ് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 287-3 എന്ന റെക്കോർഡ് സ്കോർ നേടിയപ്പോൾ ആർസിബിയുടെ മറുപടി 20 ഓവറിൽ 262-7 എന്ന നിലയിൽ അവസാനിച്ചു. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ സെഞ്ചുറി പേരിലാക്കിയ ട്രാവിസ് ഹെഡാണ് (41 പന്തിൽ 102) സൺറൈസേഴ്‌സിൻറെ ടോപ് സ്കോറർ. സഹ ഓപ്പണർ അഭിഷേക് ശർമ്മ 22 പന്തിൽ 34 ഉം, വൺഡൗൺ പ്ലെയറും വിക്കറ്റ് കീപ്പറുമായ ഹെൻ‌റിച്ച് ക്ലാസൻ 31 പന്തിൽ 67 ഉം റൺസ് വീതം നേടി. അവസാന ഓവറുകൾ പൂരപ്പറമ്പാക്കിയ അബ്‌ദുൾ സമദും (10 പന്തിൽ 37*), ഏയ്‌ഡൻ മാർക്രാമും (17 പന്തിൽ 32*) സൺറൈസേഴ്‌സിന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ സമ്മാനിച്ചു.
മറുപടി ബാറ്റിംഗിൽ ആർസിബിക്ക് വിരാട് കോലി (20 പന്തിൽ 42), ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (28 പന്തിൽ 62) എന്നിവർ വെടിക്കെട്ട് തുടക്കവുമായി പ്രതീക്ഷ നൽകി. 10 ഓവറിൽ 122 റൺസുണ്ടായിരുന്നു ടീമിനെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടമായി. വിൽ ജാക്‌സ് 4 പന്തിൽ 7 റൺസുമായി നിർഭാഗ്യവശാൽ റണ്ണൗട്ടായപ്പോൾ രജത് പാടിദാർ (5 പന്തിൽ 9), സൗരവ് ചൗഹാൻ (1 പന്തിൽ 0) എന്നിവർ നിറംമങ്ങിയത് തിരിച്ചടിയായി. ഇതിന് ശേഷം ദിനേശ് കാർത്തിക് 35 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്‌സുകളും സഹിതം 83 റൺസെടുത്ത് വീരോചിതമായി പൊരുതി 19-ാം ഓവറിലെ അഞ്ചാം പന്തിൽ മടങ്ങി. മഹിപാൽ ലോംറർ (11 പന്തിൽ 19), അനൂജ് റാവത്ത് (14 പന്തിൽ 25*), വിജയകുമാർ വൈശാഖ് (2 പന്തിൽ 1*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്കോറുകൾ.

Leave a Reply

Your email address will not be published. Required fields are marked *